ന്യൂഡല്‍ഹി: കോവിഡ് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. ഇതിനു ശേഷം ലോക്ഡൗണ്‍ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര തീരുമാനത്തിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആലോചിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേരളം. ഇതിനിടെ പ്രധാനമന്ത്രി ഇന്ന് സര്‍വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
രാജ്യത്തെ സ്കൂളുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന് എന്നിവര്‍ പങ്കെടുത്ത മന്ത്രിസഭാ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ആളുകള്‍ കൂട്ടമായി എത്താന്‍ സാധ്യതയുള്ള മതകേന്ദ്രങ്ങള്‍ പോലുള്ള സ്ഥലങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കണമെന്നും ഡ്രോണുകളിലൂടെയുള്ള നിരീക്ഷണം വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ച നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സമിതി നിര്‍ദശിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ മതകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 24 ന് ശേഷം ചേര്‍ന്ന നാലാമത്തെ മന്ത്രിസഭാ സമിതി യോഗമായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കും. ഇതിനു ശേഷവും മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടാനാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുകയാണ്.
