പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയലോക്ക് ഡൗണിന്റെ ആദ്യഘട്ടം ഏപ്രില്‍ 20-ന് അവസാനിക്കാനിരിക്കെ ഇടുക്കിയിലും പത്തനംതിട്ടയിലും ഇളവുകള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച മുതലും പത്തനംതിട്ടയില്‍ ഏപ്രില്‍ 25 ശനിയാഴ്ച മുതലുമാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
21 മുതല്‍ ഇടുക്കിയില്‍ നല്‍കുന്ന ഇളവുകള്‍. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ സര്‍ക്കാര്‍ നിര്‍ദേശിച്ചുള്ള എല്ലാ കടകള്‍ക്കും തുറക്കാം. ഹോട്ടലുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. കൊവിഡ് പ്രതിരോധത്തിന്‍്റെ ഭാഗമായി ജില്ലയില്‍ ഒരു മാസത്തേക്ക് മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണം. ഇടുക്കിയിലെ തോട്ടങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതിഥി തൊഴിലാളികളെ തത്കാലം ജോലിക്ക് വയ്ക്കാന്‍ പാടില്ല.
ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ നടത്താം. ഓട്ടോ-ടാക്സികള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വേണം സര്‍വീസ് നടത്താന്‍. ജ്വല്ലറികളും, തുണിക്കടകളും അടക്കമുള്ളവ തുറക്കാം. അതേസമയം മൂന്നാറില്‍ നാല് ദിവസം മാത്രമേ കടകള്‍ തുറക്കൂ. തിങ്കള്‍, ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലാണ് കട തുറക്കേണ്ടത്. പത്തനംതിട്ടയില്‍ 25 മുതല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഇളവുകള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാര്‍ഗ്ഗരേഖ തയ്യാറാക്കും. കാര്‍ഷിക മേഖലകള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
തൊഴിലുറപ്പ് പദ്ധതികള്‍ നടത്താവുന്നതാണ്. നടന്നു വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാം. പ്രവാസികള്‍ എത്തിയാല്‍ താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയതായും എണ്ണായിരത്തോളം പേര്‍ക്കുള്ള താമസ സൗകര്യം ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ നിന്നാരെങ്കിലും തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സക്ക് പോകുന്നുവെങ്കില്‍ അതിന് അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
