ദോഹ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ച വിവിധ ധനസഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാട്ടില്‍ എത്തി നിലവില്‍ തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ നല്‍കും. ഇതിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെയാണ് സ്വീകരിക്കുക.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നവര്‍ക്കാണ് 5000 രൂപ ധനസഹായം ലഭിക്കുക. ഇതിന് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നില്ല. കാലാവധിയുള്ള പാസ്പോര്‍ട്ട്, വിസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അധികരിച്ചവര്‍ക്കുമാണിത്.
പേര്, വിലാസം, മൊബൈല്‍ നമ്ബര്‍, പാസ്പോര്‍ട്ടിന്‍റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോര്‍ട്ടില്‍ 2020 ജനുവരി ഒന്നിന് ശേഷം അറൈവല്‍ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/വിസ കോപ്പി, അപേക്ഷകന്‍റെ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം. 5,000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ ആയിരിക്കും.
ഏപ്രില്‍ 18 മുതലാണ് അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയത്. നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും.
സാന്ത്വന പദ്ധതിയില്‍ കോവിഡ് 19 ഉള്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ച, വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വര്‍ഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി 10 വര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍നിന്നും സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ധനസഹായം ലഭിക്കൂ. വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യന്‍ സമയം രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് ആറ് വരെ) നമ്ബറിലും ലഭിക്കും.
