തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പരിശോധനകളുടെ എണ്ണം നിലവില്‍ കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . വിദേശത്ത് നിന്നെത്തിയ ഹൈ റിസ്‌ക് ഉള്ളവരെയെല്ലാം പരിശോധിച്ചുവരികയാണ് . നിലിവില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നവരാണ് . ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ മന്ത്രി അവസാന വാക്ക് പറയാനായിട്ടില്ലെന്നും വ്യക്തമാക്കി .
‘വൈറസിന്റെ സ്വഭാവം എങ്ങനെയാണെന്ന് ലോകം മനസ്സിലാക്കി വരികയാണ്. അതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കാന്‍ ആയിട്ടില്ല. അതിനു കുറേ ദിവസം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഓരോ വ്യക്തിയും തയാറാകണം ‘- മന്ത്രി നിര്‍ദ്ദേശിച്ചു .
വുഹാനിലെ വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നെ കേരളം സുരക്ഷാ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു . ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെയും മന്ത്രി സ്വാഗതം ചെയ്തു. ത്യാഗപൂര്‍ണമായ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് ഗുരുതരമായ കുറ്റകൃത്യമാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു .
