പൊന്നാനി: കേരളത്തില്‍ ഭരണം നടത്തിയിരുന്ന സര്‍ക്കാറുകള്‍ മലബാറിലെ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയില്‍ ബാര്‍ അനുവദിക്കാതെ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ആ നിലപാടുകളെ ഒറ്റു കൊടുത്ത് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്മാന് പി.ടി. അജയ്മോഹന് കുറ്റപ്പെടുത്തി. ജനം കോവിഡ് ഭീതിയില്‍ കഴിയുന്ന സമയത്ത് പൊന്നാനിയിലടക്കം പുതിയ ബാറുകള്‍ തുടങ്ങാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടി അപലപനീയമാണ്. പുണ്യനഗരമായി പരിഗണിക്കപ്പെടുന്ന പൊന്നാനിയിലെ ജനപ്രതിനിധി പി. ശ്രീരാമകൃഷ്ണന് ഇതിനു കൂട്ടു നിന്നതു പൊറുക്കാനാവാത്ത തെറ്റാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറെ പ്രധാനമുള്ള നഗരമാണ് പൊന്നാനി. കേരളത്തില്‍ മദ്യലഭ്യത കുറക്കുമെന്ന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അബ്കാരികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സംസ്ഥാനത്ത് മദ്യപ്പുഴയൊഴുക്കുന്ന നിലപാടാണ് പിണറായി വിജയന് സര്‍ക്കാറിപ്പോള്‍ ചെയ്തു കൂട്ടുന്നത്. കോവിഡ് ഭീതിയില്‍ ജനം കഴിയുമ്പോള്‍ ബാറുകള്‍ക്ക് അനുമതി നല്കിയ നടപടി ഇതിനു തെളിവാണ്. പൊന്നാനിയില്‍ തുടങ്ങാനിരിക്കുന്ന മദ്യശാലക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും പി.ടി. അജയ്മോഹന് ആവശ്യപ്പെട്ടു.
