മലപ്പുറം: മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഓർമപ്പെടുത്തുന്ന മഹാമാരിക്ക് നടുവിലാണ് വിശുദ്ധ റമളാൻ വിരുന്നെത്തിയിരിക്കുന്നത്. ഭൂമിയിൽ നമ്മുടെ ജീവിതം എത്ര ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന വലിയ ഓർമപ്പെടുത്തലാണ് ഇക്കാലം നൽകുന്നത്.
അല്ലാഹുവിന്റെ അപാരമായ കരുണയ്ക്കായുള്ള തേട്ടങ്ങളും കണ്ണീരണിഞ്ഞ പ്രാർത്ഥനാ നിമിഷങ്ങളുമാണ് നോമ്പിന്റെ സൗന്ദര്യം. സ്വന്തം ശരീരത്തോടും ഒപ്പമുള്ളവരോടും പ്രകൃതിയോടും ചെയ്ത അതിക്രമങ്ങളിൽ വേദനിച്ച് അവ ഏറ്റു പറഞ്ഞ് വിമലീകരിക്കപ്പെടുന്ന മനസ്സുകളാണ് റമളാനിന്റെ സമ്മാനം. കോവിഡ് കാലത്ത് മനമുരുകിയുള്ള പ്രാർത്ഥനകൾക്ക് ഇരട്ടപ്പുണ്യം ലഭിക്കുമെന്നുറപ്പാണ്. വ്രത ശുദ്ധിക്കായുള്ള അല്ലാഹുവിന്റെ കൽപനയനുസരിച്ചതിന്റെ കൂലിയും മഹാമാരിയിൽ മനസ്സും ശരീരവും വിങ്ങുമ്പോൾ ക്ഷമയോടെയും സഹനത്തോടെയും അതിനെ നേരിട്ടതിന്റെ പുണ്യവും തീർച്ചയാണ്.
പല തരത്തിലാണെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഗ്രസിച്ചിരിക്കുന്ന കൊറോണയുടെ ഭീതിയിൽ കഴിയുന്നത്ര സഹായ സഹകരണങ്ങൾ ചെയ്യാനും പരസ്പര സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായി വിശുദ്ധ റമളാനിനെ ഉപയോഗപ്പെടുത്തണം. ആളുകളെ ഒരുമിച്ചു കൂട്ടിയുളള ഇഫ്താറുകളില്ലെങ്കിലും കഷ്ടപ്പെടുന്നവർക്ക് ഭക്ഷണത്തിനും മരുന്നിനും മറ്റാവശ്യങ്ങൾക്കുമുള്ള സഹായമെത്തിക്കണം. ദിവസക്കൂലിക്കാരായ സമൂഹത്തിലെ ഭുരിപക്ഷം വരുന്ന ആളുകൾ ഈ പ്രതിസന്ധിയിൽ വല്ലാതെ നരകിക്കുകയാണ്. അഭിമാനം കൊണ്ട് തങ്ങളുടെ കഷ്ടപ്പാടുകൾ മറ്റുള്ളവർക്ക് മുന്നിൽ നിരത്താൻ മടിക്കുന്ന ഒരുപാട് പേരുണ്ട് സമൂഹത്തിൽ. അവർക്ക് അത്താണിയാവാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. പുണ്യ റമളാനിന്റെ ഏറ്റവും വലിയ സുകൃതമായിരിക്കും ഇത്തരക്കാരെ സഹായിക്കൽ.
ആധുനിക മനുഷ്യാനുഭവത്തിലെ ഏറ്റവും വലിയ ശത്രുവിനെയാണ് നാം നേരിടുന്നത്. പള്ളികളും സ്ഥാപനങ്ങളും സജീവമായിരുന്ന റമളാൻ കാഴ്ചകൾ ഇക്കുറിയില്ല. സർക്കാറിന്റെയും ആരോഗ്യ വിദഗ്ധരുടെയും ആഹ്വാനവും മുന്നറിയിപ്പുമുൾക്കൊണ്ട് ആരാധനകൾ വീടുകളിൽ തന്നെയാണ് നിർവ്വഹിക്കേണ്ടത്. ഇക്കാര്യത്തിൽ ആരും വിഷമിക്കേണ്ടതില്ല. പള്ളിയിൽ നിന്ന് നിർവ്വഹിക്കുന്ന അതേ സുകൃതം നമുക്ക് വീടുകളിലെ ആരാധനകൾക്ക് ലഭിക്കും. പുറത്തിറങ്ങി ജീവനെ അപകടപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്.
മഹാമാരിയുടെ വിപത്തിൽ നിന്ന് ലോകത്തിന് എത്രയും വേഗം രക്ഷ കിട്ടാനും ഈ കാലയളവിൽ ഉണ്ടായ നഷ്ടങ്ങളെ മറികടക്കുന്ന ഐശ്വര്യമുണ്ടാവാനും വിശുദ്ധ റമളാൻ ദിനങ്ങളിൽ പ്രാർത്ഥിക്കുക. ഏതു പ്രതിസന്ധിയിലും നമ്മുടെ കൈ പിടിച്ചിരുന്ന പ്രവാസികളെ നാം ദുആകളിൽ പ്രത്യേകം ഓർക്കണം. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവ് കാലിയല്ല. അതാണ് നമ്മുടെ പ്രതീക്ഷ.
