സംവരണ അട്ടിമറി നീക്കം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണം: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നോണ്‍ ക്രീമിലെയര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ക്ക് എതിരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് എസ്.എന്‍.ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പിന്നാക്ക സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ക്രീമീലെയര്‍ ബാധകമാക്കി കൊണ്ടുള്ള മണ്ഡല്‍ കേസിലെ സുപ്രീം കോടതി വിധി. പരമോന്നത നീതി പീഠത്തിന്റെ വിധി വേദനയോടെയാണെങ്കിലും ശിരസ്സാവഹിച്ച പിന്നാക്കക്കാരനെ മുച്ചൂടും മുടിക്കാനുള്ള ഗൂഢാലോചനയാണ് സവര്‍ണ ബ്യൂറോക്രസി എന്നും തുടര്‍ന്നു പോരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നോണ്‍ ക്രീമിലെയര്‍ വിഭാഗത്തെ നിശ്ചയിക്കുമ്ബോള്‍ കൃഷി ഭൂമിയില്‍ നിന്നുള്ള വരുമാനവും ശമ്ബളവും കണക്കാക്കാന്‍ പാടില്ല എന്ന് 1993 മുതല്‍ നിലവിലുള്ള വ്യവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.പി ശര്‍മ്മ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുള്ള ശുപാര്‍ശ.

ഭരണ ഘടനാ പദവി , ക്ലാസ്സ് വണ്‍ തസ്തികകളിലുള്ളവരുടെ മാത്രം ശമ്ബളമേ നോണ്‍ ക്രീമിലെയറിനെ കണ്ടെത്താന്‍ പരിഗണിക്കാവു എന്നതാണ് നിലവിലുള്ള വ്യവസ്ഥ . ഇത് മാറ്റി എല്ലാവരുടെയും ശമ്ബളം കണക്കാക്കുന്ന നില വന്നാല്‍ പിന്നാക്കക്കാരന് ഉദ്യോഗവും വിദ്യാഭ്യാസ അവസരങ്ങളും കിട്ടാത്ത നിലവരും . സാമുദായിക സംവരണം തന്നെ ഇല്ലാതാകും. കേന്ദ്ര ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവശ പിന്നാക്ക വിഭാഗക്കാര്‍ ഇരിക്കുമ്ബോള്‍ തന്നെ സംവരണം അട്ടിമറിക്കാന്‍ സവര്‍ണ്ണ ഉദ്യോഗസ്ഥ ലോബി നടത്തുന്ന നീക്കം ആശങ്കാ ജനകമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ജനങ്ങളില്‍ നിന്നും അകന്നു കഴിയുന്ന തങ്ങള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള ശേഷി ഇല്ലാത്തതിനാല്‍ അത് ജനപ്രതിനിധികള്‍ ചെയ്യട്ടെ എന്നാണ് മണ്ഡല്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞത്. അത് മറികടക്കാനുള്ള ബ്യൂറോ ക്രസിയുടെ നീക്കത്തെ ചെറുക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടു വരണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംവരണ അട്ടിമറി നീക്കത്തിനെതിരായ പ്രക്ഷോഭ ത്തിന്റെ ആദ്യ പടി എന്ന നിലയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കു പുറമെ രാജ്യത്തെ എല്ലാ എം.പി. മാര്‍ക്കും എസ്. എന്‍.ഡി.പി. യോഗം കത്തുകളയക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *