കൊച്ചി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും എത്തുക എന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു . ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കി. ദോഹയില്‍ നിന്നുള്ള സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
സമയക്രമത്തില്‍ മാറ്റം വരുത്തിയതോടെ , നാളെ മൂന്ന് വിമാനങ്ങളാണ് കേരളത്തില്‍ എത്തിച്ചേരുക . ഇതില്‍ അബുദാബിയില്‍ നിന്നുമുള്ള വിമാനം കൊച്ചിയിലേക്കും മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണ് വരുന്നത് . ഓരോ വിമാനങ്ങളിലും 200 യാത്രക്കാര്‍ വീതമുണ്ടാകും . നെടുമ്ബാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പ്രവാസികളാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാന്‍ 4000 വീടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ പ്രവാസികളെ എയറോ ബ്രിഡ്ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ഇവരുടെ താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി കൊച്ചിയില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്.
