ലഖ്നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി നിയമവും കര്‍ശ്ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള് ഓര്‍ഡിനന്‍സ്, 2020 യുപി നിയമസഭയില്‍ പാസായി. മനഃപൂര്‍വ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് പരിഗണിക്കുക. ഈ ഓര്‍ഡിനന്‍സിനാണ് ഉത്തര്‍പ്രദേശില്‍ അംഗീകാരം ലഭിച്ചത്.
മനഃപൂര്‍വ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് രോഗം പകര്‍ത്തിയാല്‍ സെക്ഷന്‍ 24 പ്രകാരം പകര്‍ത്തിയ ആള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കൂട്ടം ആളുകളിലേക്ക് രോഗം പടര്‍ത്തിയാല്‍ ശിക്ഷാ കാലാവധി കൂടം. രോഗിയ്ക്ക് മരണം സംഭവിച്ചാല്‍ സെക്ഷന്‍ 26 പ്രകാരം ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. ക്വാറന്റൈന്, ഐസൊലേഷന്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കും, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
രോഗം മറച്ചുവെക്കുന്നത്, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗം പരത്തുന്നത് തുടങ്ങിയവ ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമസഭയില്‍ പാസായ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും.
