മക്ക: സൂചികുത്താനിടമില്ലാതെ തിങ്ങി നിറയേണ്ട മക്കയും മദീനയും വിശുദ്ധ റമദാന്‍ വിട പറയുമ്ബോഴും വിജനമായി കിടക്കുന്നു. വിശുദ്ധ റമദാനില്‍ പ്രത്യേകിച്ച് അവസാന പത്തിലും ഇരുപത്തിയേഴാം രാവുള്‍പ്പെടെയുള്ള അതി പ്രധാന രാവുകളിലും ജന നിബിഡമാകേണ്ട ഇരു ഹറമുകളും വിജനമായി കിടക്കുന്ന കാഴ്ച്ച വിശ്വാസിയുടെ ഉള്ളു പിടക്കുന്നതാണ്. റമദാന്‍ തുടക്കത്തിലെന്നപോലെ അവസാന പത്ത് കൊഴിഞ്ഞു പോകുമ്ബോഴും ആളനക്കമില്ലാതെ മക്കയിലെ മസ്‌ജിദുല്‍ ഹറമും വഴികളും വിജനതയില്‍ കിടക്കുന്ന കാഴ്ച്ചകള്‍ വിശ്വാസി സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നതാണ്. കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രങ്ങളുടെ ഭാഗമായാണ് മക്കയിലും മദീനയിലും വിശ്വാസികളുടെ പ്രവേശനം തടഞ്ഞത്.
വിശ്വാസികള്‍ പള്ളികളില്‍ കഴിഞ്ഞ് കൂടാന്‍ കൊതിക്കുന്ന റമദാന്‍ അവസാനത്തെ പത്ത് ദിനങ്ങളിലും ഹറമില്‍ ആളുകളില്ലാത്തത് വിശ്വാസികള്‍ക്ക് സങ്കടകരമായ അനുഭവമാണ്. നിലവില്‍ ഹറമില്‍ ചുരുക്കം ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന മാത്രമാണ് കഅ്ബക്കരികില്‍ നടക്കുന്നത്. നോമ്ബ് തുറയൊരുക്കുന്ന മുറ്റത്തും രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കിരിക്കുന്ന മതാഫിന്‍റെ തട്ടുകളും ശൂന്യമാണ്. ഹജ്ജ് കാലത്തേക്കാള്‍ ഒരേസമയം കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന റമദാനില്‍ ഹറമും പരിസരവും വിജനമായി കിടക്കുന്നത് വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഗദ്ഗദമായി മാറുകയാണ്. ഹറമില്‍ തറാവീഹ് പൂര്‍ത്തീകരിച്ചത് മുന്നൂറില്‍ താഴെ വിശ്വാസികളുമായിട്ടായിരുന്നു. എങ്കിലും ജമാഅത്ത് നിസ്‌കാരവും റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്‌കാരങ്ങളും മുടങ്ങാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പതിവിനു വിപരീതമായിഇത്തവണ പത്ത് റക്‌അത്താണ് ഇവിടെ തറാവീഹ് നിസ്‌കരിക്കുന്നത്.
വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ആഴ്ചകളോളം ആളനക്കമില്ലാതിരുന്ന കഅ്ബയുടെ മുറ്റത്ത് തറാവീഹ് നിസ്‌കാരം മുടങ്ങാതെ തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തേങ്ങുന്ന മനസുകളുമായാണ് പ്രാര്‍ഥനയോടെ ഇന്നലെയും ഹറമിന്‍റെ മുറ്റത്തും മദീന പള്ളിക്കകത്തും പ്രാര്‍ഥന നടന്നത്. വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സഊദിയില്‍ പള്ളികളില്‍ വെച്ച് ജമാഅത്ത് നിസ്‌കാരം നടക്കുന്നത് വിശുദ്ധ ഹറമുകളില്‍ മാത്രമാണ്. സൂചികുത്താനിടമില്ലാത്ത വിധം ഇടതൂര്‍ന്നു കാണാറുള്ള ഹറമിന്‍റെ മുറ്റത്തിന്‍റെ ബാക്കി ഭാഗവും കഅ്ബയും മൂക സാക്ഷിയായി നിന്നു. സഊദിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മക്ക നഗരിയില്‍ മാത്രമാണ് റമദാനില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
