മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വരാന്‍ പോകുന്ന കാലവര്‍ഷത്തിന്‍്റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം രൂപം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കനത്ത മഴയില്‍ മരച്ചില്ലകള്‍ ഒടിഞ്ഞു വീണുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാനായി അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനുള്ള നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നല്‍കി. ഇതിനായി ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍. സമിതിയുടെ ശുപാര്‍ശ പ്രകാരം മരം മുറിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറാണ് അനുവാദം നല്‍കുന്നത്.

ജില്ലയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കാന്നതിനുള്ള പരിശോധനകള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ആശുപത്രികളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും അഗ്നി സുരക്ഷാ വകുപ്പിന്‍്റെ എന്‍.ഒ.സി ഇല്ലാതെ ആശുപത്രികള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പുഴകളിലും തോടുകളിലും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായി തോടുകളിലെ തടസങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

മണ്ണൊലിപ്പ് കൂടുതല്‍ ഉണ്ടാകാത്ത രീതിയില്‍ ചരിഞ്ഞ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി ഇറങ്ങുന്നതിനുള്ള പ്രാദേശിക സംവിധാനവും ഒരുക്കും. പാലങ്ങളിലുള്ള തടസങ്ങളും ഇതോടൊപ്പം നീക്കം ചെയ്യും. മധ്യമേഖലയില്‍ കൈത്തോടുകളിലെ എക്കല്‍ നീക്കുന്നതോടൊപ്പം പ്രധാന തോടുകളിലേക്ക് വെള്ളം സുഗമമായി എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയുമാണ് ചെയ്യുന്നത്. തോടുകള്‍ക്ക് കുറുകെയുള്ള തടയണകള്‍ വിസിബി യി ലുള്ള ഷട്ടറുകള്‍ എന്നിവ മഴ തുടങ്ങുന്നതിനു മുമ്ബ് നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ മേഖലയില്‍ പ്രധാന പുഴകളിലൂടെ ഒഴുകി വരുന്ന വെള്ളം പ്രാദേശിക കൈത്തോടുകളിലേക്ക് കയറാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി കൈത്തോടുകള്‍ പൂര്‍ണ്ണമായും എക്കല്‍ കോരി സൗകര്യമൊരുക്കും. കായലുകളിലേക്ക് കയറി വരുന്ന വെള്ളം പെട്ടെന്ന് ഇറങ്ങിപ്പോകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്.

വൈപ്പിന്‍, പറവൂര്‍ മേഖലകളില്‍ കായലിലേക്കുള്ള കൈത്തോടുകള്‍ അടിയന്തിരമായി തുറക്കുന്നതിനുള്ള നടപടികള്‍ പരിശോധിച്ച്‌ തീരുമാനിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗത്തിനാണ് ഇതിന്‍്റെ ചുമതല. പ്രധാന പുഴകളായ പെരിയാര്‍ , മുവാറ്റുപുഴ എന്നിവയിലെ തടസങ്ങള്‍ മഴക്കു മുമ്ബേ പരിശോധിക്കുകയും അവ നീക്കുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാനും മേജര്‍ ഇറിഗേഷന്‍, എം.വി.ഐ.പി, പി.വി.ഐ.പി , ഐ.ഐ.പി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗ്രാമപഞ്ചായത്തിന്‍്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തിലും ബ്ലോക്ക് തല പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തിലും വിലയിരുത്തി പഞ്ചായത്ത് ഡയറക്ടറേറ്റാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *