മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത്

 പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കമ്മീഷനാക്കി മാറ്റിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പി.എസ്.സി.യുടെ സുതാര്യത നശിപ്പിച്ച്‌ പരീക്ഷയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കും നിയമനനിരോധനത്തിനുമെതിരെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പി.എസ്.സി. ആസ്ഥാനത്തിന് മുമ്ബില്‍ നടന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാനായിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. സി.പി.എം. ക്രിമിനലുകളെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിച്ചതിന് ഉദ്യോഗാര്‍ത്ഥികള്‍ എന്ത് പിഴച്ചുവെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിതമാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്. പി.എസ്.സി അന്വേഷണത്തിലല്ല, മറിച്ച്‌ പ്രതികള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കത്തിക്കുത്ത് നടത്തിയപ്പോഴാണ് ഭരണഘടനാ സ്ഥാപനത്തെ സര്‍ക്കാര്‍ അട്ടിമറിച്ച സത്യം ജനങ്ങളറിഞ്ഞത്.

ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ കെ.എ.എസ്. പരീക്ഷയുടെ അവസ്ഥയും ഇത് തന്നെയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മയില്ലാത്ത ഒ.എം.ആര്‍. ഷീറ്റ് ഉപയോഗിച്ച്‌ പരീക്ഷ നടത്തിയ ശേഷം ഉത്തരക്കടലാസുകള്‍ മാന്വലായി പരിശോധിക്കുന്നത് ഗൂഢാലോചനയാണ്. ഇതിന് വേണ്ടി സി.പി.എമ്മിന്റെ പാദസേവകരായ പി.എസ്.സി. ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *