കൊല്‍ക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ഇത്തവണ നന്ദിഗ്രാമില്‍നിന്നായിരിക്കും താന്‍ ജനവിധി തേടുകയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇതോടെ നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് സുവേന്ദു അധികാരി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ മമതയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെയാണ് താന്‍ സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍നിന്നും മാറി നന്ദിഗ്രാമില്‍ മത്സരിക്കാന്‍ മമത തീരുമാനിച്ചതെന്നാണ് സൂചന.
“50 വനിതകളും 42 മുസ്‌ലിം സ്ഥാനാര്‍ഥികളുമടക്കം 291 പേരുടെ പട്ടികയാണ് പുറത്തിറക്കുന്നത്. നോര്‍ത്ത് ബംഗാളിലെ മൂന്നു സീറ്റുകളില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കില്ല. ഞാന്‍ നന്ദിഗ്രാമില്‍നിന്നും മത്സരിക്കും,” മമത പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭവാനിപൂര്‍ മണ്ഡലത്തില്‍ സോവന്‍ദേബ് ചട്ടോപാധ്യായയാണ് സ്ഥാനാര്‍ഥിയെന്നും മമത പറഞ്ഞു.
294 സീറ്റുകളില്‍ 291 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. ബാക്കി മൂന്നെണ്ണം സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. കലാ കായികരംഗത്തുനിന്നടക്കം അര്‍ഹതപ്പെട്ടവര്‍ക്കാണ് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയതെന്നും മമത അഭിപ്രായപ്പെട്ടു. ബംഗാളിലെ ജനങ്ങള്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. “എന്നില്‍ വിശ്വാസം വയ്ക്കൂ, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയും ഉയരങ്ങളില്‍ എത്തിക്കും,” മമത പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണു വോട്ടെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നിങ്ങനെയാണു പോളിങ് തീയതികള്‍. വോട്ടെണ്ണല്‍ മേയ് രണ്ടിന്.
