സുല്‍ത്താന്‍ ബത്തേരി: നിര്‍മാണം നടക്കുന്ന ബീനാച്ചി-പനമരം റോഡില്‍ യാത്രാദുരിതമേറുന്നു. മെറ്റല്‍ നിരത്തിയ റോഡില്‍ പൊടിശല്യം സഹിച്ചുവേണം യാത്രചെയ്യാന്‍. നിര്‍മാണം ഏറ്റെടുത്തവരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ച് മടുത്ത അവസ്ഥയാണ്. റോഡുപണിയിലെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും ഏറെ നടന്നു. സുല്‍ത്താന്‍ ബത്തേരി സി.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 19ന് നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ ഒന്നിനകം ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാമെന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. എന്നാല്‍, പണിയില്‍ ഒരു വേഗതയും പിന്നീടുണ്ടായില്ല. ഇങ്ങനെ പോയാല്‍ അടുത്ത മഴക്കാലത്തിന് മുമ്ബ് പണി തീരില്ലെന്ന് ഉറപ്പാണ്.
ബീനാച്ചിക്കു ശേഷം താഴെ അരിവയല്‍ മുതല്‍ കേണിച്ചിറ വരെയാണ് മെറ്റല്‍ നിരത്തി ഉറപ്പിച്ചത്. ഇതുവഴി വാഹനങ്ങള്‍ നിരന്തരം ഓടിയതോടെ മെറ്റല്‍ ഇളകിത്തുടങ്ങി. ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ പൊടി ഉയരുകയാണ്. ആളുകള്‍ മാസ്ക് ധരിക്കുന്നതിനാല്‍ പൊടി ശ്വാസകോശത്തില്‍ എത്തുന്നില്ലെന്ന ആശ്വാസമുണ്ടെങ്കിലും ദേഹത്തും വസ്ത്രങ്ങളിലും പൊടി നിറയുന്നു. പൊടി ഉയരാതിരിക്കാന്‍ ഇടക്കിടെ നനക്കണമെന്നാണ് ചട്ടം. ഒരു ലോറിയില്‍ വെള്ളമെത്തിച്ച് പേരിനൊരു നനക്കലാണ് നടക്കുന്നത്. അത് അര കിലോമീറ്റര്‍ ഭാഗത്ത് ഒതുങ്ങും. തിങ്കളാഴ്ച കോളേരിയില്‍ നനക്കാനെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.
ബീനാച്ചി മുതല്‍ പനമരം വരെ 22 കിലോമീറ്ററാണ് 55 കോടിയോളം മുടക്കി പുതുക്കിപ്പണിയുന്നത്. രണ്ടു വര്‍ഷത്തോളമായി നിര്‍മാണം തുടങ്ങിയിട്ട്.
സമനിരപ്പാക്കുന്നതോടൊപ്പം വീതി കൂട്ടുമെന്നുമാണ് അധികാരികള്‍ പറഞ്ഞത്. ഇപ്പോള്‍ പണി നടക്കുന്ന ഭാഗത്ത് വലിയ രീതിയില്‍ വീതി കൂടിയിട്ടില്ല. വൈദ്യുതി കാലുകള്‍, മരങ്ങള്‍ എന്നിവയൊക്കെ ഇനിയും മാറ്റാനുണ്ട്. നടവയല്‍ മുതല്‍ പനമരം വരെ പ്രവൃത്തി തുടങ്ങിയിട്ടുമില്ല. സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ 33 സ്വകാര്യബസുകളും 12 കെ.എസ്.ആര്.ടി.സികളുമാണ് റോഡ് പണി തുടങ്ങുന്നതിന് തൊട്ടുമുമ്ബുവരെ സര്‍വിസ് നടത്തിയത്. ഇപ്പോള്‍ എണ്ണം പകുതിയായി. രണ്ടു ദിവസം ഓടിയാല്‍ മൂന്നാം ദിവസം വര്‍ക്ക്ഷോപ്പില്‍ കയറ്റേണ്ടി വരുമെന്നാണ് ബസുടമകളും ജോലിക്കാരും പറയുന്നത്.
