തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിക്കുമെന്ന് സി പി എം പോളിറ്ര് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. 60 വയസുകഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാപേര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്ഷന് നല്‍കാനുളള പദ്ധതി എല്‍ ഡി എഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ ഡി എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പറഞ്ഞ കോടിയേരി അസാദ്ധ്യമായത് സര്‍ക്കാര്‍ സാദ്ധ്യമാക്കിയെന്നും അവകാശപ്പെട്ടു. ദേശീയപാത വികസനത്തിനുളള തടസം സര്‍ക്കാര്‍ മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുളള ജലപാത യാഥാര്‍ത്ഥ്യമാക്കി. മറ്റുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
