നൂര്‍ബിന റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം; ലീഗില്‍ പൊട്ടിത്തെറി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ. നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.

നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി കമ്മിറ്റി ചര്‍ച്ചകള്‍ നടത്തുകയാണ്. തിങ്കളാഴ്ച യോഗം ചേരുമെന്നും ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

25 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന റഷീദ്. 1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. സംസ്ഥാന സാമൂഹികകേഷേമ ബോര്‍ഡ് അധ്യക്ഷയായിരുന്ന അവര്‍ ആ പദവി രാജിവെച്ചാണ് പോരാട്ടത്തിനിറങ്ങിയത്. അന്ന് റിസള്‍ട്ട് വന്നപ്പോള്‍ ലീഗ് കോഴിക്കോട് രണ്ടില്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞു. എളമരം കരീമിനോട് അന്ന് ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു. പിന്നീട് നീണ്ട 25 വര്‍ഷക്കാലം ലീഗ് വനിതകളെ മുന്നില്‍നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എംപി അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുക. പി.വി.അബ്ദുല്‍ വഹാബ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കും.

മൂന്ന് ടേം എന്ന നിബന്ധന പ്രകാരമുള്ള ഒഴിവാക്കലുകള്‍ നടത്തിയാണ് ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *