റാന്നി: റാന്നിയിലെ ഇടതു സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയി. സി.പി.എം പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തള്ളിപ്പറയുന്നത്.
റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതു മുതല്‍ തുടങ്ങിയ പ്രതിഷേധമാണ് പ്രചാരണം ആരംഭിച്ചപ്പോഴും നിലനില്‍ക്കുന്നത്. ആദ്യം പ്രതിഷേധമുയര്‍ത്തിയത് സി.പി.എമ്മും, സി.പി.ഐയും ആയിരുന്നെങ്കില്‍, ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
വെണ്ണിക്കുളത്ത് കോട്ടാങ്ങല്‍, എഴുമറ്റൂര്‍, അയിരൂര്‍, കൊറ്റനാട് പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കെതിരെ മുദ്രാവാക്യവും മുഴക്കി. റാന്നിയില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
