പത്തനംതിട്ട: സി പി എം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുമ്ബോള്‍ പരോക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കൊവിഡിനേയും പ്രളയത്തേയുമെല്ലാം അതിജീവിച്ചത് മുഖ്യമന്ത്രിയുടെ മിടുക്കുകൊണ്ടാണെന്ന പാര്‍ട്ടി പ്രചാരണം നടക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് കൂടിയായ ബേബി ഒളിയമ്ബുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളം അടുത്തിടെ കണ്ട പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്നാണ് എം എ ബേബി വിമര്‍ശിച്ചത്. തിരുവല്ലയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ കോര്‍ത്തിണക്കിയുളള പ്രവര്‍ത്തനമാണ് അതിജീവനത്തിന് പിന്നിലെന്നായിരുന്നു പോളിറ്ര് ബ്യൂറോ അംഗത്തിന്റെ വിശദീകരണം.
കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കുന്നതും സ്വീകരിക്കുന്ന നടപടികള്‍ അന്നന്ന് ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്. ഏത് പ്രതിസന്ധിയെയും നേരിടാന്‍ കേരളത്തിന് ചങ്കുറപ്പുണ്ട്. ആ ചങ്കുറപ്പിനെ ആശ്രയിച്ച് ഏത് പ്രതിസന്ധിയേയും നേരിടാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഉണ്ടായിരുന്നുവെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
