പ്രകാശ് സൗമ്യനായ എതിരാളി-കെ.ടി.ജലീല്‍

മലപ്പുറം: എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ അത് വി വി പ്രകാശാണെന്ന് ഡോ. കെ ടി ജലില്‍. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്ബുക്കിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: വി വി പ്രകാശിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സൗമ്യതയുടെയും മാന്യതയുടെയും ആള്‍രൂപമായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അര്‍ഹനായിരുന്നു വി വി പ്രകാശ്. പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആത്മാര്‍ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമാറ് ആകര്‍ഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജേഷ്ഠ തുല്യമായ സ്നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനഃക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പില്‍ (2011) തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എനിക്കെതിരെ മല്‍സരിച്ചത് വി വി പ്രകാശായിരുന്നു. എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ, വി വി പ്രകാശ്. കലുഷിതമായ രാഷ്ട്രീയ അരങ്ങത്തു നിന്ന് ഒട്ടും നിനക്കാത്ത നേരത്ത് ആരോടും ചൊല്ലാതെ കാലയവനികക്കുള്ളില്‍ പൊയ്മറഞ്ഞ സുഹൃത്തേ, അങ്ങയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *