മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ കേരളത്തില്‍ ഹൃദയ ചികിത്സക്കുള്ള കാത്ത്‌ലാബ് ആരംഭിക്കുന്നു. പ്രശസ്തരായ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയാളജിസ്റ്റുമാരായ ഡോ.തഹ്‌സിന്‍ നെടുവഞ്ചേരി, ഡോ. സുഹൈല്‍ മുഹമ്മദ്. പി.ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന കാരുണ്യ ഹൃദയാലയുമായി ചേര്‍ന്നുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങാന്‍ ധാരണാ പത്രം ഒപ്പു വെച്ചു.ഹൃദയാഘാതത്തിനുള്ള പൂര്‍ണസമയ കാര്‍ഡിയാക് എമര്‍ജന്‍സി സേവനങ്ങള്‍, 70 ശതമാനത്തോളം റേഡിയേഷന്‍ കുറക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ കാത്ത് ലാബ്, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍, ഡിവൈസ് ക്ലോഷര്‍, കാര്‍ഡിയോതൊറാസിക് ഇതോടെ നിലവില്‍ വരും. പ്രശസ്ത സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.സുഹൈല്‍ മുഹമ്മദ്. പി.ടി, ഡോ.ഗഗന്‍ വേലായുധന്‍ എന്നിവരുടെ പരിശോധന എല്ലാ ദിവസവും കാര്‍ഡിയോളജി ഒ.പി വിഭാഗത്തില്‍ നിലവില്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ എക്കോ, ടി.എം.ടി സൗകര്യവും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി/ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പെട്ടവര്‍ക്ക് 2021 മെയ് രണ്ടാം വാരം മുതല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ സൗജന്യ ചികിത്സയും ലഭിക്കും.
മലപ്പുറത്ത് ഗൗരവമേറിയ ഹൃദ്രോഗികള്‍ക്ക് അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി, ആന്‍ജിയോ ഗ്രാം തുടങ്ങിയ ചികിത്സക്കായി കോട്ടക്കല്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇതിനിടയില്‍ നിരവധി രോഗികള്‍ യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരമായി മിതമായ ചികിത്സാ നിരക്കിലും കാരുണ്യ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും ഒരുക്കുന്നതിനായി കാര്‍ഡിയാക്ക് സെന്റര്‍/ കാത്ത് ലാബ് തുടങ്ങാന്‍ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതി തീരുമാനം എടുത്തത്.
കോവിഡ് നിര്‍ണ്ണയത്തിനായുള്ള ആന്റിജന്‍ ടെസ്റ്റ്, ഓപ്പണ്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സംവിധാനവും ഇപ്പോള്‍ ആശുപത്രിയില്‍ ലഭ്യമാണ്. ആശുപത്രിയിലെ കാര്‍ഡിയാക്ക് സെന്റര്‍, ഐ.സി.യു, കാത്ത് ലാബ് എന്നിവയുടെ രൂപ രേഖ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് ഡോ.തഹ്‌സിന്‍ നടുവഞ്ചേരിക്ക് നല്‍കി പ്രകാശനം ചെയതു. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശന്റെ നിര്യാണത്തില്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍, ഡയറക്ടര്‍മാരായ കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, ഇമ്പിച്ചിക്കോയ തങ്ങള്‍, പരേടത്ത് മുഹമ്മദ് ഹാജി, സി.മുഹമ്മദ് ഹാഷിം, സുഹറാബി. കെ, രാധ കോരങ്ങോടന്‍, സുനീറ.പി.ടി, നസീമ. പി.എ, സെക്രട്ടറി സഹീര്‍ കാലടി, സി.എം.ഒ ഡോ.പരീത്, ഡോ.തഹ്‌സിന്‍ നടവഞ്ചേരി, ഡോ. സുഹൈല്‍.പി.ടി എന്നിവര്‍ പങ്കെടുത്തു.
