ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് കുടുംബശ്രീ ചന്തകള്‍

വയനാട് : ആരോഗ്യം, ഭക്ഷണം എന്നിവയുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ സമൂഹത്തില്‍ വിഷരഹിത പച്ചക്കറി ഉല്‍പ്പന്നങ്ങളും മായം ചേര്‍ക്കാത്ത ഭക്ഷ്യോല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി കുടുംബശ്രീ ക്രിസ്തുമസ് സ്‌പെഷ്യല്‍ ചന്തകള്‍ ശ്രദ്ധേയമാകുന്നു. മൂന്നു ദിവസങ്ങളിലായി നടത്തിയ ചന്തയില്‍ ജില്ലാതലത്തില്‍ ഒന്നും സി.ഡി.എസ് തലത്തില്‍ പത്തും ക്രിസ്തുമസ് ചന്തകളാണ് ഒരുക്കിയത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതാദ്യമായാണ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ചന്തകള്‍ ഒരുക്കിയത്.

പനമരം ഗവ. എല്‍.പി. സ്‌കൂള്‍ പരിസരത്തു നടന്ന ജില്ലാതല കുടുംബശ്രീ ചന്തയില്‍ ആദ്യദിനം വിവിധ വാര്‍ഡുകളില്‍ നിന്നായി 31 ഗ്രൂപ്പുകളാണ് പങ്കെടുത്തത്. സൂക്ഷ്മ സംരഭക ഗ്രൂപ്പുകളുടെ ചെറുകിട ഉല്‍പ്പന്നങ്ങളുടെയും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികള്‍ വിപണനത്തിലൂടെ ഏകദേശം 27700 രൂപയുടെ വിപണനമാണ് നടന്നത്. 46 സി.ഡി.എസ് ഗ്രൂപ്പുകള്‍ പങ്കെടുത്ത രണ്ടാം ദിനം 39530 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി. അവസാന ദിവസം 30 ഗ്രൂപ്പുകളാണ് ചന്തയിലെത്തിയത്. ഏകദേശം 45000 രൂപയുടെ സാധനങ്ങളാണ് ഇവര്‍ വിറ്റത്. വിപണനത്തിനെത്തിയ ഉല്‍പ്പന്നങ്ങളില്‍ മത്തന്‍, മുരിങ്ങ, ചീര തുടങ്ങിയ ഇല വിഭാഗത്തില്‍പ്പെട്ട പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലായെത്തുന്നത്.

ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള സാന്ത്വനം കൗണ്ടര്‍, പനമരം പഞ്ചായത്ത് പരിധിയിലെ ആടുഗ്രാമം പദ്ധതിയില്‍പ്പെടുന്ന ആടുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ആടുചന്ത എന്നിവയും ക്രിസ്തുമസ് ചന്തയുടെ സ്വീകാര്യതയ്ക്ക് മികവേകി. കൃഷി പ്രോത്സാഹനത്തിന് രൂപീകരിച്ച വിവിധ ജെ.എല്‍.ജി. ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പച്ചരി, പുഴുങ്ങലരി, ഗന്ധകശാല തുടങ്ങി വിവിധയിനം അരികള്‍, പയര്‍, പാവയ്ക്ക, മത്തന്‍, കുമ്പളങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങിയ ജൈവ പച്ചക്കറികള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍ എന്നിവയും ചന്തയിലുണ്ട്. മണ്‍പാത്രങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, എന്നിവയ്ക്ക് പുറമേ അപ്പാരല്‍ പാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍, വിവിധ തുണിത്തരങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ്പ് ഉല്‍പ്പന്നങ്ങളായ സോപ്പ്, നിലവും വസ്ത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനുള്ള വിവിധ ലോഷനുകള്‍, കറിപ്പൊടികള്‍ എന്നിവയും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കിയാണ് സ്‌പെഷ്യല്‍ ക്രിസ്തുമസ് ചന്തകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രിയദര്‍ശിനി ചായപ്പൊടികളും വിപണനം നടത്തി. ഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍, നാഗാലാന്റ് സരസ് മേള തുടങ്ങി കേരളത്തിനകത്തും പുറത്തും മേളകളില്‍ സജ്ജീവമായ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളും വിപണനത്തിനെത്തിയിരുന്നു.

വിഷു, ഓണം, റംസാന്‍ തുടങ്ങിയ ആഘോഷ വേളകളിലാണ് സാധാരണയായി ചന്തകള്‍ നടത്തി വന്നിരുന്നത്. എന്നാല്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതയും ആവശ്യകതയും കണക്കിലെടുത്താണ് ഇത്തവണ ക്രിസ്തുമസ് സ്‌പെഷ്യല്‍ ചന്തകള്‍ നടത്തിയത്. തവിഞ്ഞാല്‍, അമ്പലവയല്‍, എടവക, മുള്ളന്‍കൊല്ലി, പൂതാടി, സുല്‍ത്താന്‍ ബത്തേരി, കണിയാമ്പറ്റ, മാനന്തവാടി, നൂല്‍പ്പുഴ, പനമരം എന്നിവിടങ്ങളിലായാണ് സി.ഡി.എസ്. തലത്തില്‍ ചന്തകളൊരുക്കിയത്. വിഷമയമല്ലാത്ത കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുള്ളതിനാല്‍ തന്നെ സാധനങ്ങള്‍ ആവശ്യക്കാരിലെത്തിക്കാന്‍ 26 സി.ഡി.എസുകളിലും ആഴ്ച്ച ചന്തകള്‍ വ്യാപിപ്പിക്കാനാണ് ജില്ലാ കുടുംബശ്രീ മിഷന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *