സംസ്ഥാന പാര്‍ട്ടി പദവി തിരിച്ചുപിടിക്കാന്‍ പി.ജെ.ജോസഫ് നെട്ടോട്ടത്തില്‍

കോട്ടയം: സംസ്ഥാന പാര്‍ട്ടി പദവി നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ്, എം.എല്‍.എ മാരുടെ പിന്തുണ തേടി നെട്ടോട്ടത്തില്‍. പാലായില്‍ നിന്ന് വിജയിച്ച മാണി സി. കാപ്പനെയും പിറവത്തുനിന്ന് വിജയിച്ച അനൂപ് ജേക്കബിനെയും മദ്ധ്യസ്ഥര്‍ വഴി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് സമീപിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍, ഇരുവരും കേരള കോണ്‍ഗ്രസിലേക്കില്ലെന്ന മറുപടിയാണ് നല്‍കിയത്. വേറെ ചെറു പാര്‍ട്ടികളെ കൈപ്പിടിയിലാക്കാന്‍ ആലോചന തുടരുകയാണ്.

കേരള കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ നാല് എം.എല്‍.എ മാര്‍ വേണം. ഇല്ലെങ്കില്‍ രണ്ട് എം.എല്‍.എ മാരും ഒരു എം.പിയും ഉണ്ടാവണം. നിലവില്‍ കേരള കോണ്‍ഗ്രസിന് രണ്ട് എം.എല്‍.എ മാര്‍ മാത്രമേയുള്ളു. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫും കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും. കേരള കോണ്‍ഗ്രസിന് എം.പി മാരില്ല. അതിനാലാണ് എങ്ങനെയും സംസ്ഥാന പാര്‍ട്ടിയാവാനായി എം.എല്‍.എ മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്ബ് രജിസ്ട്രേഡ് പാട്ടിയാവാന്‍ പി.സി. തോമസുമായി ലയിക്കുകയായിരുന്നു പി.ജെ. ജോസഫ് വിഭാഗം. ഇതോടെ പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസായി പി.ജെ. ജോസഫ് വിഭാഗം. ഇനിയും സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കാതെ കേരള കോണ്‍ഗ്രസിന് പിടിച്ചുനില്ക്കാന്‍ സാധിക്കില്ല. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിനായി യു.‌ഡി.എഫില്‍ ജോസഫ് പിടിമുറുക്കും. നിലനില്പിന്റെ പ്രശ്നമായതിനാല്‍ ഇത് യു.‌ഡി.എഫിന് നല്കേണ്ടതായും വരുമെന്നാണ് അറിയുന്നത്. അതിനുള്ള ചരടുവലികളും നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്ബുതന്നെ പി.ജെ. ജോസഫ് ദൂതന്മാര്‍ മുഖേന അനൂപ് ജേക്കബുമായും മാണി സി.കാപ്പനുമായി സംസാരിച്ചിരുന്നു. യു.ഡി.എഫ് വിജയിച്ചുവന്നാല്‍ ഒറ്റപാര്‍ട്ടിക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നതിനാല്‍ ദൂതന്റെ ആവശ്യം ഇരുവരും നിരസിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ നേരത്തെതന്നെ അനൂപിനെ വിട്ട് ജോസഫ് ഗ്രൂപ്പില്‍ ചേക്കേറിയതിനാല്‍ അനൂപ് ഈ ഫോര്‍മുലക്ക് സമ്മതിച്ചില്ല. മാണി സി. കാപ്പനാവട്ടെ, സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ രണ്ട് സീറ്റില്‍ മത്സരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലയനത്തിന് കാപ്പനും ചെവികൊടുത്തില്ല. ചുരുക്കത്തില്‍ പി.ജെ. ജോസഫ് പാര്‍ട്ടി പദവിയില്ലാതെ അലയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *