ഭവാനിപുരില്‍ മമത ബാനര്‍ജിക്ക് വന്‍ വിജയം

കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം. 58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി.യുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപുരില്‍നിന്നും വീണ്ടും ജനവിധി തേടിയത്. നവംബറിനു മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് വിജയിച്ചില്ലായിരുന്നെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേനെ.

ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 2011ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപ്പൂര്‍. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്.

ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളായിരുന്നു മമതയുടെ മുഖ്യ എതിരാളി. സെപ്റ്റംബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരില്‍ മമതയുടെ വിജയം അനായാസകരം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

2011ല്‍ സിപിഎമ്മിന്റെ ദീര്‍ഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിര്‍ത്തി. ഇത്തവണ സോബന്‍ദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടാണ്.

ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്.

ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍, കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ വ്യാപക ആക്രമണം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *