കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ നിര്‍മിച്ച് ഹണി ട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പണവും മൊബൈല്‍ ഫോണും കവരുന്ന സംഘം പൊലീസിന്റെ പിടിയിലായി.
റെയില്‍വേ സ്റ്റേഷനുസമീപം ആനിഹാള്‍ റോഡില്‍ കാസര്‍കോട് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി., നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എം എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ, യുവതിയെക്കാണാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു.
കോഴിക്കോട്ടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ പലതും ഉണ്ടാകാറുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പൊലീസില്‍ പരാതിപ്പെടാറില്ല. മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസില്‍ പ്രതികള്‍ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ടൗണ്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ജയശ്രീ എസ്, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജേഷ്, ജിതേന്ദ്രന്, സുജന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
