രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്: കെ സുധാകരന്‍

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.

തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ അവകാശമുള്ളവരാണ് പൊലീസെന്നും, നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങളെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.

‘പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പോലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളില്‍ ക്രൂരമായി അപമാനിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണടയ്ക്കുന്ന പോലീസ്, കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്റെ ഭാഗമായാണ്? യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകള്‍ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആര്‍ക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങള്‍ നടപ്പിലാക്കുന്നത്?’, സുധാകരന്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരളാ പോലീസിനോട്,

തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങള്‍. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങള്‍. ആ നിങ്ങള്‍ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാല്‍ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.

രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പോലീസ് കൂട്ടു നില്‍ക്കരുത്. പോലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നില്‍ക്കുന്നവരാണെന്നതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല. പക്ഷെ സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിര്‍ഭാഗ്യവശാല്‍ ആ കൂട്ടത്തിലുണ്ട്.

പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പോലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളില്‍ ക്രൂരമായി അപമാനിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണടയ്ക്കുന്ന പോലീസ്, കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്റെ ഭാഗമായാണ്? യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകള്‍ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആര്‍ക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങള്‍ നടപ്പിലാക്കുന്നത്?

ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നല്‍കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കരുത്. ആയിരക്കണക്കിന് പോലീസുകാരുടെ ഒത്ത നടുക്ക് നിന്ന് ‘എന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന’ അടിമുടി ഭയന്നു നില്‍ക്കുന്ന മനുഷ്യന്റെ ജല്പനങ്ങള്‍ കേട്ട് തലകുലുക്കുന്ന പോലീസുകാരോടാണ്.

ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതതിന്റെ വഴിക്ക് തന്നെ ഞങ്ങള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *