നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ ഞങ്ങള്‍ വെറുതെ വിടില്ല -നൂപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ മതവിദ്വേഷത്തിനും വ്യാജ പ്രചാരണങ്ങള്‍ക്കും അന്യായ അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പേര് പോലും പറയാതെ മമത ആഞ്ഞടിച്ചു. ‘നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. ഞങ്ങള്‍ അവളെ വെറുതെ വിടാന്‍ പോകുന്നില്ല. കള്ളം പറയുന്നവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും’ -അവര്‍ പറഞ്ഞു. ചൊവ്വാഴ്ച അസന്‍സോളില്‍ നടന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

“ഞാന്‍ സോഷ്യല്‍ മീഡിയ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ സത്യം നന്നായി പറയുന്നവരുടെ പക്ഷത്താണ്. ജീവന്‍ തൃണവത്കരിച്ചും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പമാണ് ഞാന്‍. എന്നാല്‍, വ്യാജ വീഡിയോ കാണിക്കുക, വഞ്ചിക്കുക, നുണകള്‍ പ്രചരിപ്പിക്കുക എന്നതാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ചെയ്യുന്നത്. അവര്‍ക്ക് ധാരാളം പണമുണ്ട്, അതുകൊണ്ടാണ് അവര്‍ സോഷ്യല്‍ മീഡിയയിലും യുട്യൂബിലും കള്ളം പറയുന്നത്’ -മമത പറഞ്ഞു.

മതവിദ്വേഷം പരത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ ടീസ്റ്റ ​സെറ്റല്‍വാദ്,

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ സുബൈര്‍ എന്നിവരെ വേട്ടയാടുന്നതിനെയും മമത വിമര്‍ശിച്ചു. ‘നിങ്ങളുടെ നേതാവ് മതത്തെക്കുറിച്ച്‌ കള്ളം പറയുകയും വൃത്തികെട്ട കാര്യങ്ങള്‍ പറയുകയും ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യരുത്. അവര്‍ വളരെ ശാന്തമായി ഇരിക്കുന്നു… നിങ്ങള്‍ കൊന്നാലും ഇവിടെ യാതൊരു പ്രശ്നവുമില്ല. എന്നാല്‍, ഞങ്ങളാരെങ്കിലും സംസാരിച്ചാല്‍ ഞങ്ങളെ കൊലപാതകികളായി മുദ്രകുത്തുന്നു. നിങ്ങള്‍ എന്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്? അവന്‍ എന്താണ് ചെയ്തത്?, എന്താണ് ടീസ്റ്റ ചെയ്തത്?. നിങ്ങളുടെ വൃത്തികെട്ട ആളുകളുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ നിങ്ങള്‍ അറസ്റ്റ് ചെയ്യരുത്, അവര്‍ക്ക് നിങ്ങള്‍ സുരക്ഷ ഒരുക്കിക്കൊടുത്തോളൂ… പക്ഷേ നമ്മുടെ സംസ്ഥാനം അവള്‍ക്ക് സമന്‍സ് അയച്ചിടുണ്ട്. ഞങ്ങള്‍ അവളെ വിടാന്‍ പോകുന്നില്ല. കള്ളം പറയുന്നവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും’ -മമത വ്യക്തമാക്കി.

മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പശ്ചിമ ബംഗാളിലും ദിവസങ്ങളായി പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. അതിനിടെ, കൊല്‍ക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും നൂപുറിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നര്‍കെല്‍ദംഗ, ആംഹെര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുകളില്‍നിന്നാണ് നൂപൂറിന് സമന്‍സ് അയച്ചത്.

എന്നാല്‍, കൊല്‍ക്കത്ത പൊലീസിന്റെ സമന്‍സ് ലഭിച്ചതിനുപിന്നാലെ നൂപുര്‍ ശര്‍മ്മ തന്റെ ജീവനെ കുറിച്ച്‌ ഭയം പ്രകടിപ്പിച്ചു. ഹാജരാകാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അവര്‍ ഇമെയില്‍ അയച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നൂപുര്‍ ശര്‍മ്മയെ ജൂണ്‍ 20 ന് നരകൊണ്ട പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചിരുന്നു. അപ്പോഴും ഹാജരാകാതിരുന്ന നൂപുര്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ഇമെയില്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *