യശ്വന്ത് സിന്‍ഹയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ കേരളത്തിലെ സ്വീകരണവുമായി ബന്ധപ്പെട്ട് കെ.സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്.

നല്ല ബിജെപി മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ വിമര്‍ശിക്കാനാവൂ എന്ന് പി.രാജീവ് പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണം ബിജെപിയെ സഹായിക്കാനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. യശ്വന്ത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് ആരും എത്തിയിരുന്നില്ല. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നരേന്ദ്ര മോദിയെ പേടിച്ചിട്ടാകാം പിണറായിയും കൂട്ടരും യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ വരാതിരുന്നതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പി.രാജീവും സുധാകരനെ വിമര്‍ശിച്ചത്.

താമസം ഏര്‍പ്പാടാക്കിയ മസ്കോട്ട് ഹോട്ടലില്‍ യശ്വന്ത് സിന്‍ഹയെ സ്വീകരക്കാന്‍ പി.രാജീവ് എത്തിയിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരമായിരുന്നു ഇതെന്നും രാജീവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *