മെക്‌സിക്കോയില്‍ 14കാരനെ സഹപാഠികള്‍ തീകൊളുത്തി. ക്ലാസ് മുറിയില്‍ വച്ചാണ് യുവാന്‍ സമോറാനോ എന്ന 14കാരനെ സഹപാഠികള്‍ അഗ്‌നിക്കിരയാക്കിയത്.
ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ ആഴ്ചയാണ് യുവാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. നാടന്‍ ശൈലിയില്‍ സംസാരിച്ചു എന്നതിനാലാണ് യുവാനെ സഹപാഠികള്‍ ആക്രമിച്ചത്.
യുവാന്റെ ഇരിപ്പിടത്തില്‍ രണ്ട് സഹപാഠികള്‍ മദ്യം ഒഴിച്ചു. ഇതറിയാതെ സീറ്റില്‍ ഇരുന്ന യുവാന്റെ ട്രൗസര്‍ നനയുകയും കുട്ടി എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ഈ സമയത്ത് സഹപാഠികളില്‍ ഒരാള്‍ യുവാന്റെ ദേഹത്ത് തീകൊളുത്തുകയായിരുന്നു.
മെക്‌സിക്കോയിലെ തദ്ദേശീയ വിഭാഗമായ ഒടോമിയില്‍ ഉള്‍പ്പെട്ട കുട്ടിയാണ് യുവാന്‍. അതുകൊണ്ട് തന്നെ യുവാന്‍ പലതവണ ബുള്ളിയിങിന് ഇരയായിട്ടുണ്ട്. കുട്ടിയുടെ അധ്യാപകരും യുവാനെ പരിഹസിക്കാറുണ്ടെന്ന് യുവാന്റെ മാതാപിതാക്കള്‍ പറയുന്നു. ഒടോമിയാണ് കുട്ടിയുടെ മാതൃഭാഷ. എന്നാല്‍, നിരന്തരമായ ബുള്ളിയിങും പരിഹാസവും നേരിടുന്നതിനാല്‍ യുവാന്‍ ഇത് ഉപയോഗിക്കാറില്ല.
