തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട /നേന്ത്റപ്പഴം എന്നിവ നല്‍കുന്നതിന് കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്.
2016ല്‍ ചെലവ് പരിഷ്‌കരിച്ചത് മൂന്നു സ്ലാബുകളിലാണ്. 150 കുട്ടികള്‍വരെ കുട്ടിയൊന്നിന് എട്ടുരൂപയും 151 മുതല്‍ 500വരെ ഏഴുരൂപയും അഞ്ഞൂറിന് മുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്. ഇത് പരിഷ്‌കരിച്ച് ആറു രൂപ, എട്ടു രൂപ നിരക്കില്‍ (കേന്ദ്ര,സംസ്ഥാന വിഹിതം ഉള്‍പ്പെടെ) ആക്കുന്നതും പാല്‍, മുട്ട/നേന്ത്റപ്പഴം എന്നിവ നല്‍കുന്നതിനുമടക്കം ആഴ്ചയില്‍ 20 രൂപ അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. പാലും മുട്ടയും നല്‍കുന്ന സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ സംസ്ഥാന പദ്ധതിയാണ്.
നഴ്സറി തലത്തില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുള്‍പ്പെട്ടിട്ടില്ലാത്ത സ്‌കൂള്‍കുട്ടികളെയും ഒന്‍പത്, പത്ത്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് പ്രതിവര്‍ഷം 400 കോടി രൂപ അധിക ചെലവ് വരുമെന്നും മന്ത്റി പറഞ്ഞു.
