കെഎസ്‌ആര്‍ടിസിയില്‍ പത്തനംതിട്ടയില്‍ മാത്രം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

പത്തനംതിട്ട:സംസ്ഥാന വ്യാപകമായി കെഎസ്‌ആര്‍ടിസിയില്‍ വരുത്തിയ മാറ്റങ്ങളുടെ തുടര്‍ച്ചയായി ജില്ലയില്‍ ഇന്നു മുതല്‍ പത്തനംതിട്ടയില്‍ മാത്രം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഉണ്ടാകുക.

തിരുവല്ല, അടൂര്‍ എടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കിയാണ് പത്തനംതിട്ട ഡിടിഒയുടെ കീഴിലേക്കു മാറുന്നത്. രണ്ടു സ്ഥലങ്ങളിലും എടിഒ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി.

പത്തനംതിട്ട ഡിടി ഓഫീസ് ഇന്നു മുതല്‍ പുതിയ ബസ് ടെര്‍മിനലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാകും പ്രവര്‍ത്തിക്കുക. പത്തനംതിട്ടയില്‍ എടിഒ ആയിരുന്ന തോമസ് മാത്യുവിാണ്് ഡിടിഒയുടെ ചുമതല. അടൂര്‍, പന്തളം, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി ഓപ്പറേറ്റിംഗ് സെന്ററുകളും ഡിപ്പോ വര്‍ക്ക് ഷോപ്പ് എന്നിവയും ഡിടിഒയുടെ നിയന്ത്രണത്തിലാകും.

ഓഫീസുകളിലെ ഫയലുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ബസില്‍ കയറ്റി പത്തനംതിട്ടയിലെത്തിച്ചു. തിരുവല്ലയില്‍ നിന്ന് 24 ഓഫീസ് ജീവനക്കാരെ പത്തനംതിട്ടയിലേക്കു മാറ്റിയിട്ടുണ്ട്. അടൂര്‍, തിരുവല്ല എടിഒമാരും ഇനി പത്തനംതിട്ടയിലാകും പ്രവര്‍ത്തിക്കുക. തിരുവല്ല, അടൂര്‍ ഡിപ്പോകള്‍ ഇതോടെ ഓപ്പറേറ്റിംഗ് സെന്ററുകള്‍ മാത്രമാകും.തിരുവല്ലയുടെ കീഴിലായിരുന്ന മല്ലപ്പള്ളിയും അടൂരിനു കീഴിലായിരുന്ന പന്തളവും പത്തനംതിട്ട ഡിടിഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും.ഡിപ്പോകളിലെ ഷെഡ്യൂള്‍ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഡിടിഒ, എടിഒ തരംതിരിവ്.

50 ഷെഡ്യൂളുകളില്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോകള്‍ക്ക് ഡിടിഒ ഉണ്ടായിരുന്നു. ഇതനുസരിച്ച്‌ പത്തനംതിട്ടയിലും തിരുവല്ലയിലും ഡിടിഒമാരാണുണ്ടായിരുന്നത്. പിന്നീട് 70 ഷെഡ്യൂളുകള്‍ക്കു മുകളിലുള്ള ഡിപ്പോകള്‍ക്കു മാത്രമായി ഡിടിഒ പദവി പരിമിതപ്പെടുത്തി. ഇതോടെ പത്തനംതിട്ട, തിരുവല്ല, അടൂര്‍ ഡിപ്പോകള്‍ അതത് സ്ഥലങ്ങളില്‍ എടിഒയുടെ ചുമതലയിലായിരുന്നു. സംസ്ഥാനത്ത് 28 ഡിടി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത് 15 എണ്ണം മാത്രമാക്കി.

Leave a Reply

Your email address will not be published. Required fields are marked *