ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി.
ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ കണക്കുകള്‍ നല്‍കാനാണ് ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചത്. മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാചാന്‍ജ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇത്രയും സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടും ദേശീയ പട്ടികയില്‍ ഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിലുണ്ട്. കേസ് കേട്ട ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സംസ്ഥാന അടിസ്ഥാനത്തില്‍ വേണം ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കേണ്ടത് എന്ന നിരീക്ഷണം നടത്തിയത്. നാഗാലാന്‍ഡിലും മിസോറാമിലും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം.
അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പഞ്ചാബില്‍ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എത്ര ശതമാനം വരെ ജനസംഖ്യ ഉണ്ടെങ്കില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ കേസില്‍ ഉയര്‍ന്നു വരാനാണ് സാധ്യത.
