തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഇ.ഡി പറയുന്നത് എല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഇ.ഡി പറയുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ ആരോപണമുണ്ട്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഇ.ഡി ശ്രമിക്കുന്നു എന്നാരോപണം ഉണ്ട്. ഇ.ഡിക്കെതിരെ രാജ്യവ്യാപകമായി ആരോപണം ഉണ്ട്. കോണ്‍ഗ്രസിനും ഇതേ ആരോപണമാണ്. അധികാര പരിധി കടന്ന് പ്രവര്‍ത്തിക്കുന്നു എന്നാരോപണം ഉണ്ട്. കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റുന്നത് കേസ് അട്ടിമറിക്കാനാണോ എന്നും സതീശന് ചോദിച്ചു.
ഇ.ഡിയെക്കുറിച്ചുള്ള നിലപാട് പ്രതിപക്ഷം മാറ്റിയതില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്ക് പരിമിതി ഉണ്ട്. ആ പരിമിതി സി.ബി.ഐക്കുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അനുസരിച്ച് ഏജന്‍സികളും മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ.ഡിയുടെ അന്വേഷണത്തിന് സംസ്ഥാനം തടസപ്പെടുത്തുന്നുവെന്ന് ഇതുവരെ സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കാര്യക്ഷമമായി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വര്‍ണക്കടത്തിന്റെ ഉറവിടവും അവസാന വിനിയോഗവും പുറത്ത് വരണം. എന്നാല്‍ സര്‍ക്കാരിലെ പേരുകള്‍ പറയാന്‍ നിര്‍ബന്ധിക്കുന്നു എന്ന പ്രതികളുടെ വോയ്സ് ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തിന് എല്ലാ സഹായവും നല്കാന് സര്‍ക്കാര്‍ തയ്യാറാണ്. അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ല. പ്രതികളുടെ താല്പര്യങ്ങള്ക്കും വാര്‍ത്തകള്‍ക്കും അടിസ്ഥാനത്തില്‍ നടത്തേണ്ടതല്ല അന്വേഷണം. കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാങ്കല്‍പ്പിക കഥകള്‍ കെട്ടി ചമയ്ക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേന്ദ്ര ഏജന്‍സികള്‍ ഇവിടെയും ചില ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നു. ഇരയ്ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നത് ശരിയല്ല. സാക്ഷികള്‍ക്ക് നോട്ടീസ് ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
