നൈറോബി: കെനിയയില്‍ ബസ് നിയന്ത്രണംവിട്ട് പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ് 34 പേര് മരിച്ചു.
രാജ്യത്തിന്റെ മധ്യമേഖലയിലെ തരാക നിതിയില്‍ ഞായറാഴ്ച വൈകീട്ടാണ് ദുരന്തം. ബസ് മെറുവില്നിന്ന് തുറമുഖ നഗരമായ മൊംബാസയിലേക്ക് പോകുകയായിരുന്നു. പാലത്തില്‍നിന്ന് 40 അടി താഴ്ചയിലേക്ക് വീണ ബസ് പൂര്‍ണമായി തകര്‍ന്നു.
രണ്ട് പെണ്‍കുട്ടികളും 14 സ്ത്രീകളും 18 പുരുഷന്മാരുമാണ് ദുരന്തത്തിനിരയായത്. 11 പേര് പരിക്കുകളോടെ ആശുപത്രിയിലാണ്. ബ്രേക്ക് തകരാറിലായതാണ് അപകടം വരുത്തിയതെന്ന് കരുതുന്നു. സംഭവത്തെത്തുടര്‍ന്ന് കമ്ബനിക്കു കീഴിലെ എല്ലാ ബസുകളും തല്ക്കാലം പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡപകടങ്ങള്‍ തുടര്‍ക്കഥയായ കെനിയയില്‍ 2021ല്‍ 4,579 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്.
