മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

താനൂര്‍: നിറമരുതൂര്‍ ഹിദായത്ത് നഗറില്‍ കട വരാന്തയില്‍ ഉറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കാളാട് തത്തനകത്ത് ഫവാസാണ് (23) പിടിയിലായത്.

തലേദിവസം മാനസിക വെല്ലുവിളി നേരിടുന്ന ഹംസയുമായി (52) പ്രദേശത്തെ ചായക്കടയില്‍വെച്ച്‌ വാക്കേറ്റം നടന്നിരുന്നു എന്നാണ് പറയുന്നത്.

31ന് രാത്രിയോടെയാണ് ഹംസയെ മാരകായുധം ഉപയോഗിച്ച്‌ പരിക്കേല്‍പിച്ചത്. പുലര്‍ച്ച പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകുന്നവരാണ് ഹംസയെ രക്തത്തില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തിരൂര്‍ ഗവ. ആശുപത്രിയിലും പ്രഥമ പരിശോധനക്ക് ശേഷം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്കും പിന്നിട് പെരിന്തല്‍മണ്ണ അല്‍ശിഫയിലേക്ക് മാറ്റുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള താനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കൃഷ്ണലാല്‍, എ.എസ്.ഐ ഷിബു, സി.പി.ഒ കൃഷ്ണ പ്രസാദ്, സുജിത്ത് എന്നിവര്‍ നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനൂര്‍ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു തിരൂര്‍ സബ് ജയിലിലേക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *