മതാധിഷ്ഠിതമല്ലാത്ത, മതനിരപേക്ഷ രാഷ്ട്രവീക്ഷണത്തിനുമാത്രമേ ആധുനിക രാഷ്ട്രത്തെ നിര്‍മിക്കാനാകൂവെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരം അനുസ്മരിച്ചുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്വാതന്ത്ര്യസമരംമുതല്‍ 90 വര്‍ഷത്തെ പോരാട്ട ചരിത്രത്തിലെല്ലാം മതനിരപേക്ഷ ഐക്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായി മാറിയത് എല്ലാ മതത്തിലുംപെട്ടവരായിരുന്നു.
1945ലെ ഐഎന്‍എ ഭടന്മാരുടെ വിചാരണയ്ക്കെതിരായി ഇന്ത്യയാകെ അലയടിച്ച പ്രക്ഷോഭം ചരിത്രത്തിലുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്ന വാര്‍ത്തകളാണ് രാജ്യത്താകെ. മനുസ്മൃതിയുടെ ആശയങ്ങളില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കപ്പെടുന്നു.
ജാതീയവും വര്‍ഗീയവുമായി വിഭജനം തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍, മതനിരപേക്ഷതയും സമത്വവും നീതിയും സാഹോദര്യവും പുലരുന്ന രാഷ്ട്രമായി ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിനുള്ള പ്രതിജ്ഞ പുതുക്കാനാകണമെന്നും സ്പീക്കര്‍ പറഞ്ഞു.
