ന്യൂഡല്‍ഹി: മീനങ്ങാടിയില്‍ അമ്മാവന് 12കാരിയെ പീഡിപ്പിച്ചത് കേട്ട സുപ്രീംകോടതി ലോകത്തിന് കാമഭ്രാന്താണെന്ന് അഭിപ്രായപ്പെട്ടു.
പോക്സോ കേസിലെ പ്രതിക്ക് കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത നേരിട്ട ലൈംഗിക പീഡനം അഭിഭാഷകന് വിവരിച്ചത് കേട്ടായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള മാതാവിന്റെ ഹരജി ബെഞ്ച് സെപ്റ്റംബര്‍ 12ലേക്ക് മാറ്റി.
ലോകത്തിന് കാമഭ്രാന്താണെന്ന തന്റെ അഭിപ്രായത്തെ ബലപ്പെടുത്തി ഹൈകോടതി ജഡ്ജിയായിരിക്കെ ഒരു പിതാവില്‍ നിന്ന് സ്വന്തം മകള്‍ക്കുനേരെയുണ്ടായ ക്രൂരമായ ലൈംഗിക പീഡനം തന്റെ മുന്നിലെത്തിയ അനുഭവം ജസ്റ്റിസ് ഗുപ്ത വിവരിച്ചു. ജയില്‍ പുള്ളിയായ അച്ഛന് ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ വന്ന് മകളെ ബലാത്സംഗം ചെയ്തത്, വിവസ്ത്രയാക്കി അമ്മയെ പീഡനം കാണാനായി നിര്‍ത്തിയ ശേഷമായിരുന്നുവെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
കോടതിയിലെത്തുന്ന കേസുകള്‍ നാമൊക്കെ വിശ്വസിക്കുന്നതിനപ്പുറത്താണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.ഹൈകോടതി വിധിയില്‍ പ്രതിക്ക് അനുകൂലമായി വന്ന വിവാദ പരാമര്‍ശങ്ങള്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുട്ടിയെ മടിയിലിരുത്തി ഉമ്മവെച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്നത് തെളിയേണ്ടതാണെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമര്‍ശം.
