സര്‍വകലാശാലകളെ ശുദ്ധീകരിക്കാന്‍ രണ്ടും കല്‍പ്പിച്ച്‌ ഗവര്‍ണര്‍; 15സെനറ്റ് പ്രതിനിധികളെ അയോഗ്യരാക്കി; വിശേഷ അധികാരം പ്രയോഗിച്ച്‌ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നീക്കത്തില്‍ വിശേഷ അധികാരം പ്രയോഗിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പ്രത്യേക ഉത്തരവിലൂടെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ അദേഹം പിന്‍വലിച്ചു. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചത്.

ഇന്നു മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. ഗവര്‍ണര്‍ പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.

കഴിഞ്ഞദിവസം യോഗം വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചിരുന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാനുള്ള ആളുകള്‍ പോലും എത്തിയിരുന്നില്ല. വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു യോഗത്തിന് എത്തിയത്. ഇതാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. തുടര്‍ന്നാണ് വിശേഷ അധികാരം പ്രയോഗിച്ച്‌ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചത്.

അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്ന നടപടിയിലേക്ക് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത് സര്‍ക്കാര്‍ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സര്‍വകലാശാലകളെ ശുദ്ധീകരിക്കാന്‍ ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങുകയാണെന്ന വ്യക്തമായ സന്ദേശമാണ് അദേഹം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *