കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരണത്തിനു കീഴടങ്ങി. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു.
ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഡയാലിസിസിനും വിധേയമാക്കി. ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ശാരീരിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു. ഇതില്‍ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തെ തുടര്‍ന്നു ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
