ജുബൈലില്‍ മലയാളി കൊല്ലപ്പെട്ട കേസ്; പ്രതിയുടെ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

ജുബൈല്‍: മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

ഹണി ട്രാപ്പില്‍പ്പെട്ടതിെന്‍റ മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാല്‍ കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജെംസ് കമ്ബനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബര്‍ ക്യാമ്ബില്‍ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയില്‍ കണ്ട പ്രതിയെ പൊലീസ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഭേദപ്പെട്ടതോടെ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി മൊഴിയെടുക്കുകയായിരുന്നു.

ടിക്-ടോക് വഴി പരിചയപ്പെട്ട ‘ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവര്‍ തന്നില്‍നിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷിെന്‍റ മൊഴി. സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുന്നത് കണ്ട മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

മുഹമ്മദലിയെ കുത്തിയ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. അതില്‍നിന്നും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തത കൈവരൂ. കഴിഞ്ഞ ആറുമാസമായി ആയിഷയുമായി ബന്ധമുണ്ടെന്ന് ഇയാള്‍ പറയുന്നു. 30,000 രൂപ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ അയച്ചു കൊടുത്തു. ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.

നാട്ടില്‍ പോകാന്‍ പോലും അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുന്നു. ഇതിെന്‍റ മനോവിഷമത്തില്‍ രക്തസമ്മര്‍ദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയില്‍നിന്നും തന്ന മരുന്ന് കഴിച്ചതില്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. ഞായറാഴ്ച്ച ഉച്ചക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താന്‍ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയില്‍നിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓര്‍മയില്ലെന്നുമാണ് മഹേഷ് പൊലീസിനേട് പറഞ്ഞത്.

മഹേഷിെന്‍റ അടിവയറിലും നെഞ്ചിലും കഴുത്തിലുമുള്‍പ്പടെ അഞ്ചിടത്ത് കുത്തേറ്റ പാടുകളുണ്ട്. കുത്താന്‍ ഉപയോഗിച്ച കത്തി കട്ടിലിനടിയില്‍നിന്നും പൊലീസ് കണ്ടെടുത്തു. മുഹമ്മദലി മരിച്ച കാര്യം അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടിയെന്ന് പരിഭാഷകരായി പോയ അബ്ദുല്‍ കരീം കാസിമി, സലിം ആലപ്പുഴ എന്നിവര്‍ പറഞ്ഞു.

മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിന് നാട്ടില്‍നിന്നും കുടുംബത്തിെന്‍റ അനുമതി പത്രം സന്നദ്ധ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഒട്ടുമ്മലിെന്‍റ പേരില്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാലുടന്‍ എംബസിയുമായി ബന്ധപ്പെട്ട് ഖബറടക്കത്തിനുള്ള ഒരുക്കം തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *