കരീം വധം; റിയാദില്‍നിന്ന് പ്രതി ഹനീഫയുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റിലായ അബ്ദുല്‍കരീം വധക്കേസ് പ്രതി ഹനീഫയുമായി കേരള പൊലീസ് ക്രൈംബാഞ്ച് സംഘം ഞായറാഴ്ച രാവിലെ കോഴിക്കോട്ടെത്തും.

വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി സ്വദേശി അബ്ദുല്‍ കരീമിനെ ക്വട്ടേഷന്‍ സംഘം അടിച്ചുകൊന്ന കേസിലെ 10-ാം പ്രതിയാണ് മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ. ശനിയാഴ്ച രാത്രി 11.55-ന് റിയാദ് വിമാനത്താവളത്തില്‍ വെച്ച്‌ സൗദി പൊലീസില്‍നിന്ന് കൈമാറി കിട്ടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ 7.15-ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും.

17 വര്‍ഷം മുമ്ബുണ്ടായ സംഭവത്തെ തുടര്‍ന്ന് നാടുവിട്ട പ്രതി ഇത്രയും കാലവും ഖത്തറില്‍ ഒളിച്ചുകഴിയുകയായിരുന്നു. അവിടെ എന്തോ ജോലിയിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫുട്ബാള്‍ ലോകകപ്പിെന്‍റ ഭാഗമായി സൗദി-ഖത്തര്‍ അതിര്‍ത്തിയില്‍ യാത്രാനടപടികള്‍ ലളിതമാക്കിയ അവസരം മുതലാക്കി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സൗദി പൊലീസ് പിടികൂടുകയായിരുന്നു. കേരള പൊലീസ് ഇന്‍റര്‍പോളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസാണ് പ്രതിയെ കുടുക്കിയത്. സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ വെച്ച്‌ പിടിയിലായ പ്രതിെയ അവിടെ തന്നെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാറുള്ളതിനാല്‍ പിടിയിലായ ഉടന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പൊലീസിനെ അറിയിക്കുകയും ഡി.ജി.പി അനില്‍കാന്ത് റിയാദിലെത്തി പ്രതിയെ ഏറ്റുവാങ്ങാന്‍ മൂന്നംഗ ക്രൈബാഞ്ച് സംഘത്തെ നിയോഗിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ മുറയ്ക്ക് പ്രതിയെ രണ്ടാഴ്ച മുമ്ബ് റിയാദ് മലസിലെ ഡിപ്പോര്‍ട്ടേഷന്‍ (തര്‍ഹീല്‍) സെന്‍റര്‍ സെല്ലിലേക്ക് കൊണ്ടുവന്നു. ഈ മാസം അഞ്ചിന് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയും ഇന്‍സ്പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരുമുള്‍പ്പെട്ട ക്രൈംബാഞ്ച് സംഘം റിയാദിലെത്തി.

സൗദി നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍.സി.ബി) ആണ് ക്രൈംബാഞ്ച് സംഘത്തെ സ്വീകരിച്ചതും പ്രതിയെ കൈമാറാനുള്ള ബാക്കി നടപടികള്‍ പൂര്‍ത്തീകരിച്ചതും. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രേം സെല്‍വാളും (കോണ്‍സുലര്‍-വിസ) സംഘത്തിന് നടപടികള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ സഹായം നല്‍കി.

2006 ഫെബ്രുവരി 11-ന് താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യവെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അബ്ദുല്‍ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിെന്‍റ റിസോര്‍ട്ടിെന്‍റ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവര്‍ഗീസായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. ബിസിനസിലെ തര്‍ക്കത്തെതുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു.

ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ചയാളാണ് പ്രതിപ്പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള ഹനീഫ. ഖത്തറില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഏഴുവര്‍ഷം മുമ്ബ് നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തു. ഈ വരവില്‍ കഞ്ചാവ് കേസില്‍ പ്രതിയായി അതിലും പിടികിട്ടാപ്പുള്ളി ലിസ്റ്റിലാവുകയും ചെയ്തു. അതോടെ കേരള പൊലീസ് ഇന്‍ര്‍പോളിെന്‍റയടക്കം സഹായത്തോടെ ഗള്‍ഫ് കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *