ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്താന്‍ ഹിലരി ക്ലിന്റന് ശ്രമിക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റും ഹിലരിയുടെ പാര്ട്ടിക്കാരനുമായ ബരാക് ഒബാമ രംഗത്ത്. മറ്റുള്ളവരെ പഴിക്കുന്നത് നിര്‍ത്തി വോട്ട് നേടുന്നതില്‍ ശ്രദ്ധിക്കാന്‍ ട്രംപിനെ ഒബാമ ഉപദേശിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെ പുകഴ്ത്തിയുള്ള ട്രംപിന്റെ പരാമര്‍ശത്തിലും ഒബാമ നീരസം പ്രകടിപ്പിച്ചു
കൊണ്ടും കൊടുത്തും ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണ് ഹിലരിയെന്ന ട്രംപിന്റെ പ്രസ്ഥാവനയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേത്.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി ക്രിമിനല്‍ സംഘത്തെ നിയോഗിച്ചെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടര്‍മാരുടെ മനസ്സ് മാറ്റാണ് ഹിലരിയുടെ ശ്രമമെന്നും ട്രംപ് ആരോപിച്ചു. ഈ ഗുരുതര ആരോപണങ്ങളില്‍ ഇതുവരെ ഹിലരി പ്രതികരിച്ചിട്ടില്ല.
