അനന്തുവിന്റെ മരണം; ഇടതുപക്ഷം മാര്‍ച്ച് നടത്തേണ്ടത് വനം, വൈദ്യുതി മന്ത്രിമാരുടെ ഓഫീസിലേക്ക് – വി.ഡി. സതീശന്‍

നിലമ്പൂര്‍: വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ടതില്‍ ഗൂഢാലോചന ആരോപിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവ് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി മോഷ്ടിക്കുന്ന കാര്യം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാരും നാട്ടിലുള്ളവരും കെ.എസ്.ഇ.ബി.യിലും വനം വകുപ്പിലും അറിയിച്ചതാണ്. എന്നിട്ടും ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. കുട്ടി മരിക്കാനിടയായതില്‍ വലിയ അനാസ്ഥയുണ്ടെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നോക്കുകുത്തിയായി നിന്നശേഷം ഭരിക്കുന്ന പാര്‍ട്ടി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനാണ്. പന്നികളെ കൊല്ലുവാനുള്ള അനുമതി പഞ്ചായത്ത് നല്‍കിയാലും പണം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. ഇത് മറച്ചുവെച്ചാണ് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നത്. എല്‍.ഡി.എഫ് മാര്‍ച്ച് നടത്തേണ്ടത് വനം-വൈദ്യുതി മന്ത്രിമാരുടെ ഓഫീസിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സൈതലവി വാളശ്ശേരി അധ്യക്ഷനായി. എം.എല്‍.എ.മാരായ എ.കെഎം. അഷ്റഫ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എ.മാരായ കെ.എം.ഷാജി, പാറക്കല്‍ അബ്ദുള്ള, ഡി.സി.സി. പ്രസിഡന്റ് വി.എസ്.ജോയ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, അജയ് തറയില്‍, അഹമ്മദ് സാജു, ഇസ്മായില്‍ മൂത്തേടം, ടി.പി.അഷ്റഫലി, മച്ചിങ്ങല്‍ കുഞ്ഞ്, റഷീദ് വരിക്കോടന്‍, ജാഫര്‍ ചേരിയാടന്‍, അമീര്‍ നാരോക്കാവ്, തങ്കമ്മ നെടുമ്പടി, ഹഫ്സത്ത്, റൈഹാനത്ത്, സിന്ധു, റംലത്ത്, സി.കെ.നാസര്‍, ഇഖ്ബാല്‍ വഴിക്കടവ്, ബാബു തോപ്പില്‍, സുനീര്‍ മണല്‍പ്പാടം, ടി.യു ഏലിയാസ്, ടോണി ചെമ്മിണി
വി.കെ. ഉസ്മാന്‍, ഷേര്‍ളി വര്‍ഗീസ്, ഉഷ വേലു, ശിഹാബ് പുളിയഞ്ചാലി, അമീന്‍ പുലിക്കുത്ത്
തുടങ്ങിയവര്‍ പ്രസംഗിച്ചു.
നൂറ് കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പഞ്ചായത്തങ്ങാടിയില്‍ നിന്നും തുടങ്ങി വഴിക്കടവ് കെ.എസ്.ഇ.ബി. ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

ഫോട്ടോ- വഴിക്കടവ് വെള്ളക്കെട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചതില്‍ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ ആരോപിച്ച് യു.ഡി.എഫ് നടത്തിയ വഴിക്കടവ് കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *