അധികാരം കേന്ദ്രത്തിനു തന്നെ. കശാപ്പ് നിരോധനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി: കാലിചന്തകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ജൂണ്‍ 26ലേക്ക് മാറ്റിയിട്ടുണ്ട്.

ഹൈബി ഈഡന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍, കലൂര്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23ലെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കന്നുകാലികളുടെ സംരക്ഷണം, കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കല്‍, വെറ്ററിനറി പരിശീലനം, കന്നുകാലി വിപണനം തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളവയാണ്. ഇത് മറികടന്നാണ് നിരോധനം. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവന്നത് നിയമ വിരുദ്ധമാണെന്നും സംസ്ഥാനം വ്യക്തമാക്കി.

അതേസമയം, ബീഹാര്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചും പിന്നീട് ഏഴംഗ ബെഞ്ചും ശരിവച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ മൃഗസംരക്ഷണം ഉള്‍പ്പെടുമെന്നതിനാല്‍ നിയമം കൊണ്ടുവരാനും ഉത്തരവ് നല്‍കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *