സഹിഷ്ണുതയുടെ സന്ദേശവുമായി മതമൈത്രി സംഗമം

മലപ്പുറം: അസഹിഷ്ണുതയുടേയും വര്‍ഗീയ ചേരിതിരിവിന്റെയും കാലത്തു സഹിഷ്ണുതയുടെ പ്രധാന്യം ഉണര്‍ത്തി പാണക്കാട് തറവാട്ടിന്റെ രണ്ടാമതു മതമൈത്രി സംഗമം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. സമാധാനമുള്ള സമൂഹത്തിനായി രാജ്യം  സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റു മതവിഭാഗങ്ങളുടെ സാന്നിധ്യം സഹിക്കുക അതിലപ്പുറം അവരെ അറിയാനും അംഗീകരിക്കാനും കഴിയുന്ന തലത്തിലേക്ക് നാം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏതു വിശ്വാസവും പുലര്‍ത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നു ശശിതരൂര്‍ എം.പി പറഞ്ഞു. സംഗമത്തോട് അനുബന്ധച്ചുള്ള സഹിഷ്ണുതയുടെ രാഷ്്ട്രീയം  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാകിസ്ഥാനെതിരേ യുദ്ധമുണ്ടായപ്പോള്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചു നിന്ന പാരമ്പര്യമാണ് നമുക്കുള്ളത്. സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതുന്നതു ജിഹാദായി കാണുന്നവരാണിവിടത്തെ മുസ്്‌ലിങ്ങള്‍. നമ്മുടെ സൈന്യത്തിന്റെ തലപ്പത്ത് മുസ്്‌ലിങ്ങളും ഹിന്ദുക്കളും ജൂതരും പാഴ്‌സികളുമുണ്ട്. ജാതി ഏതെന്നോ, ഏതു ഭാഷയെന്നോ, ഭക്ഷണമെന്തെന്നോ എന്നുള്ളത് നമ്മുടെ വിഷയമല്ല, നാനാത്വത്തില്‍ ഏകത്വമാണു രാജ്യത്തിന്റെ പ്രത്യേകത. മറ്റൊരാളുടെ അന്നമെന്തെന്നത് നോക്കേണ്ട കാര്യമില്ല. ഹിന്ദുവിനും മുസ്്‌ലീമിനുമായി പ്രത്യേക റോഡുകളില്ല. റോഡുകള്‍ രാജ്യത്തിനുള്ളതാണ്. ക്ഷേത്രങ്ങളും മസ്ജിദുകളും ചര്‍ച്ചകളും അടുത്തടുത്തു സ്ഥാപിച്ചു ഒരേ മനസോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ അസഹിഷ്ണുത പുലരാത്ത നല്ല നാളുകള്‍ക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും തരൂര്‍  കൂട്ടിച്ചേര്‍ത്തു.

ഗോവധം പൂര്‍ണമായും നിരോധിച്ച നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ ചെണ്ട കൂടി നിരോധിച്ചാലേ ഫലപ്രദമാകുകയുള്ളൂവെന്നു പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. ബാബുപോള്‍ ഐ.എ.എസ് പറഞ്ഞു. ചെണ്ടയുണ്ടാക്കുന്നതു പ്രസവിക്കാത്ത പശുവിന്റെ തോല്‍ ഉപയോഗിച്ചാണ്.  ഗോവധനിരോധനം പൂര്‍ണമായി നടപ്പാക്കുമ്പോള്‍ ഉത്സവങ്ങള്‍ ശബ്ദരഹിതമായി മാറും. ഓരോ ജനവിഭാഗങ്ങളുടേയും മനസറിഞ്ഞുവേണം എന്തിനും ഇടപെടാന്‍. ദൈവത്തിനു മതമില്ല. ദൈവത്തോടു വ്യക്തിബന്ധം പുലര്‍ത്തി ചേര്‍ന്നുനില്‍ക്കുമ്പോള്‍ യഥാര്‍ഥ വിശ്വാസിയാകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ.പി രാമനുണ്ണി, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഫൈസല്‍ ബാബു എന്നിവരും സംസാരിച്ചു. സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാംപസിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ ഉപരാഷ്ട്രപതി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *