ജില്ലാ പഞ്ചായത്ത് അനാസ്ഥ ആദിവാസി വികസനത്തിന് അനുവദിച്ച കോടികള്‍ പാഴായി

കല്‍പ്പറ്റ > ജില്ലയിലെ ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ ചെലവഴിക്കാതെ ജില്ലാ പഞ്ചായത്ത് പാഴാക്കി. 201617 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയാണ് പാഴാക്കിയത്. പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 760 ലക്ഷം രൂപയും പട്ടികജാതി ഉപപദ്ധതിയില്‍ 190 ലക്ഷം രൂപയും ചെലവിട്ടില്ല.

 
പദ്ധതി തുക ചെലവിട്ടതിലും വ്യാപകക്രമക്കേടുകളാണ് ഓഡിറ്റില്‍ കണ്ടെത്തിയത്.  മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്രമവിരുദ്ധമായും  ചെലവഴിച്ച  കോടിക്കണക്കിന് രൂപ തിരിച്ചടക്കാനും നിര്‍ദേശമുണ്ട്. കൂടാതെ പല ഇനത്തിലും പണം ചെലവഴിച്ചത് ക്രമവിരുദ്ധ നടപടിയായതിനാല്‍  ഓഡിറ്റ് അംഗീകാരം നല്‍കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്.
ആദിവാസി വിഭാഗത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപയാണ് അനുവദിച്ചത്.

 

ഇതില്‍ 760 ലക്ഷം രൂപയും പാഴായി.  ചെലവഴിച്ചത് 40 ലക്ഷം രൂപ മാത്രം. ആദിവാസികളുടെ വീട്, കക്കൂസ്,  പ്രഭാത ഭക്ഷണം തുടങ്ങിയ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുകയാണിത്. പട്ടിക ജാതി വിഭാഗത്തില്‍ അനുവദിച്ച രണ്ട് കോടി രൂപയില്‍ 190 ലക്ഷം രൂപയാണ് പാഴായത്. പത്ത് ലക്ഷംരൂപ മാത്രമാണ് ഈ ഇനത്തില്‍ ചെലവിട്ടത്.

 
ഇന്ദിര ആവാസ് യോജനയില്‍ വീട് നിര്‍മിച്ചതിലും ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തറപോലും കെട്ടാത്ത വീടുകളുടെ പേരില്‍ പണം മാറിയതായി ഓഡിറ്റ് പരിശോധനയില്‍  കണ്ടെത്തി. ഇത്തരത്തില്‍ ചെലവിട്ട 1,24, 29760 രൂപ ബന്ധപ്പെട്ടവര്‍ തിരിച്ചടക്കണം.വിദ്യാഭ്യാസ മേഖലക്ക് അനുവദിച്ച ഫണ്ട് ചെലവിട്ടതിലും ക്രമക്കേടുണ്ട്. എസ്എസ്എ ഫണ്ടില്‍ ക്രമവിരുദ്ധമായി ചെലവഴിച്ച  64,57,649 രൂപയുടെ പ്രവര്‍ത്തി നിരാകരിച്ചു. ഈ തുകയും ബന്ധപ്പെട്ടവര്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കണം.

 

എസ്എസ്എ നടത്തിയ മറ്റ്ചില പ്രവര്‍ത്തികളില്‍ 13542351 രൂപ ഓഡിറ്റില്‍ തടഞ്ഞ്  വെച്ചിരിക്കുകയാണ്. വിദ്യാലയങ്ങളില്‍ കെട്ടിടങ്ങളുംമറ്റ് അനുബന്ധ സൌകര്യങ്ങളും ഒരുക്കാന്‍ നീക്കി വെച്ച പണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *