ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന്

മഞ്ചേരി: ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മുന്ന്)യില്‍ ആരംഭിക്കും.
എന്‍ ഡി എഫ് പ്രവര്‍ത്തകരായ വള്ളിക്കുന്ന് തട്ടാരംകണ്ടി ഹുസൈന്‍ കോയ, പൊന്മുണ്ടം ചോലയില്‍ ഹനീഫ, താനൂര്‍ ചീരാന്‍കടപ്പുറം സീതിന്റെ പുരക്കല്‍ ഫഹദ്, തിരൂര്‍ കൈനിക്കര തൃപ്പങ്ങോട് കളത്തിന്‍ പറമ്പില്‍ യാഹു എന്നിവരാണ് പ്രതികള്‍. താനൂര്‍ മൂലക്കല്‍ കേരളാധീശ്വരപുരം കരുപറമ്പില്‍ അപ്പുക്കുട്ടന്‍ വൈദ്യരുടെ മകന്‍ ലക്ഷ്മണന്‍ (49) ആണ് കൊല്ലപ്പെട്ടത്.
2007 മാര്‍ച്ച് 16ന് വൈകീട്ട് 6.30ന് കോട്ടക്കല്‍ ഒതുക്കുങ്ങലിലാണ് സംഭവം. ഒതുക്കുങ്ങല്‍ നിധീഷ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്‌സ് ഉടമയായ ലക്ഷ്മണന്‍ കട പൂട്ടി പുറത്തിറങ്ങിയതായിരുന്നു. രണ്ടു ബൈക്കുകളിലായി എത്തിയ പ്രതികള്‍ വാള്‍, കോടാലി എന്നിവ കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. തന്റെ വീടിന് പരിസരത്ത് മുസ്ലിം പള്ളി സ്ഥാപിക്കുന്നതിന് അനുമതി നല്‍കരുതെന്ന് ലക്ഷ്മണന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തിരൂര്‍ ഡി വൈ എസ് പി കെ സലീം 2011 ഒക്‌ടോബര്‍ 29ന് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 31 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ കെ യൂനുസ് സലീം ഹാജരാകും.

Leave a Reply

Your email address will not be published. Required fields are marked *