ശബരിമല: മണ്ഡലകാല തീര്‍ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്. തങ്കിഅങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 1.55 ന് പമ്ബയില്‍ എത്തി. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.30നാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ പമ്ബയില്‍ മലചവിട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്കഅങ്കി സന്നിധാനത്ത് എത്തുന്നതുവരെ ഭക്തരെ മലചവിട്ടാന്‍ അനുവദിക്കില്ല. തിരക്കേറിയതിനാല്‍ ദര്‍ശനം കഴിഞ്ഞവര്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.
ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയും പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ ഗുരുഡിനും ചേര്‍ന്ന് തിരക്കുനിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. മാളികപ്പുറം, പതിനെട്ടാംപടി, നടപ്പന്തല്‍ എന്നിവിടങ്ങളില്‍ പൊലീസ് ഒരുക്കിയ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മണ്ഡലപൂജദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും എല്ലാവര്‍ക്കും ദര്‍ശനസൗകര്യം ഒരുക്കുന്നതിനും എരുമേലിയിലും മറ്റിടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വരിയില്‍നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റും നല്‍കുന്നതിന് കൂടുതല്‍ പേരെ നിയോഗിക്കും. ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചുകഴിഞ്ഞു.
വിവിധ വകുപ്പു മേധാവികളുടെ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. അയ്യപ്പഭക്തര്‍ സഹകരിക്കണമെന്നും എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. ക്രമീകരണങ്ങള്‍ വിലയിരുത്തും.
ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാര്‍, എന്‍.ഡി.ആര്‍.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, സി.ആര്‍.പി.എഫ്. ഡെപ്യൂട്ടികമാന്‍ഡന്റ് ജി. ദിനേഷ്, ആര്‍.ഡി.ഒ. ടി.കെ. വിനീത്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
