രാഷ്ട്രീയ സംഘര്‍ഷം; കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂര്‍: കണ്ണൂരില്‍ തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാനയോഗം വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് കളക്ടറുടെ ചേംമ്ബറിലാണ് യോഗം. ബിജെപി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മട്ടന്നൂര്‍ മാലൂര്‍ മേഖലയിലും പാനൂരും സംഘര്‍ഷങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് യോഗം. കൂടിയാലോചനകള്‍ക്ക് ശേഷമാകും ബിജെപി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിലെ പല മേഖലകളിലും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് യോഗം. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ പി സദാശിവത്തിന് പരാതി നല്‍കിയിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പെട്ട സംഘമാണ് നടപടി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണ്ണര്‍ ബിജെപി സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *