സോഫിയ വരുന്നൂ… ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്.

പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ട്. ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്താല്‍ മതി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാവും.

ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്. സോഫിയയെ കൂടാതെ പ്രായം കുറഞ്ഞ ഐബിഎം ഡെവലപ്പറായ 14 വയസുകാരന്‍ തന്മയ് ഭക്ഷിയും, യു.ഐ.ഡി.എ.ഐ ചെയര്‍മാന്‍ ജെ സത്യനാരായണയും ഫിസിയോളജിയില്‍ നോബല്‍ പുരസ്‌കാരം നേടിയ റാന്‍ഡി ഷെക്മാനും പരിപാടിയില്‍ അതിഥികളായെത്തും.

Leave a Reply

Your email address will not be published. Required fields are marked *