തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ പ്രതിനിധി സംഘം താമസിക്കുന്ന ഹില്‍ട്ടന്‍ ഹോട്ടലിലെത്തിയാണ് യു. ഡി.എഫ് സംഘം നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തത്.
മുന്‍ മന്ത്രിമാരയ ഷിബു ബേബി ജോണ്‍, വി.സുരേന്ദ്രന്‍ പിള്ള, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സി.എം.പി നേതാവുമായ സി.പി.ജോണ്‍, മുസഌം ലീഗ് നേതാവ് ബീമാപ്പള്ളി റഷീദ്, ഫോര്‍വേര്‍ഡ് ബ്‌ളോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹന്‍, എം.എല്‍.എ മാരായ വി.എസ്.ശിവകുമാര്‍,? എം .വിന്‍സന്റ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
അര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ഓഖി ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്നുള്ള ആവശ്യമുന്നയിച്ചു. തീരദേശങ്ങളില്‍ സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ അടിയന്തിര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഓഖി ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് എം.എം.ഹസന്‍ പറഞ്ഞു. അപകട മുന്നറിയിപ്പായി ചുവന്ന കൊടി കാണിക്കുന്നത് പോലുള്ള നിസാര കാര്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവാരമില്ലായ്മയില്‍ യു ഡി എഫ് പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചു.
തീരദേശത്തെ കടല്‍ ഭിത്തി കെട്ടുന്നതിന് മാത്രമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്തുകൊണ്ട് ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം. ദുരന്തമുണ്ടാകുമ്‌ബോള്‍ കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം ദുരന്തത്തിന്റെ ആക്കം കൂട്ടാറുണ്ട്. ഇത്തരം വീഴ്ചകള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍സ്വീകരിക്കണമെന്നും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം കാര്യക്ഷമമാക്കണം.
സമുദ്രത്തില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രമെ കോസ്റ്റ് ഗാര്‍ഡിന് എത്തിച്ചേരാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അനുമതിയുള്ളു. ഇത് പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത് മൂലം ഈ ചട്ടങ്ങളില്‍ ഇളവ് വരുത്തേണ്ട കാര്യവും യു.ഡി.എഫ് സംഘം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര പ്രതിനിധി സംഘത്തെ നയിക്കുന്ന വിപിന്‍ മലിക്കുമായി ഫോണില്‍ സംസാരിച്ചു.
ചങ്ങരംകുളത്ത് ബോട്ടുദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളുടെ കുടംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത് കാരണമാണ് പ്രതിപക്ഷ നേതാവിന് കേന്ദ്ര സംഘത്തെ നേരില്‍ കാണാന്‍ കഴിയാതെ പോയത്
